Scrollup

ഇടതുപക്ഷം തത്വങ്ങൾ ഉപേക്ഷിക്കുന്നതാർക്കു വേണ്ടി ?

സി ആർ നീലകണ്ഠൻ

അടുത്ത സമയങ്ങളിലായി കേരള സർക്കാർ എടുത്ത രണ്ട് സുപ്രധാന തീരുമാനങ്ങൾ കേരളത്തിന്റെ ഭാവി സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നവയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.ചട്ടങ്ങൾ ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾക്കു പിഴ ഈടാക്കിക്കൊണ്ട് അനുമതി നൽകുവാനുള്ള മന്ത്രിസഭാതീരുമാനമാണ് അതിലൊന്ന്. വ്യവസായസംരംഭകരെ സഹായിക്കാനെന്ന പേരിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരം ഉദ്യോഗസ്ഥരിലേക്കു ചുരുക്കുന്നതും കയറ്റിറക്കു തൊഴിലാളികളെ സ്ഥാപനങ്ങൾക്ക് സ്വയം നിശ്ചയിക്കാമെന്നതുമാ ഭേദഗതികൾ കൊണ്ട് വരുന്ന ഒരു ഗസറ്റ് വിജ്ഞാപനം വഴി വന്ന ഓർഡിനൻസാണ് മറ്റൊന്ന്.ഈ തീരുമാനങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ പാരിസ്ഥിതിക മാനങ്ങൾ വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.ഇത് കൊണ്ട് വന്നത് ഒരു ഇടതുപക്ഷ സർക്കാരാണെന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൂടുതലാക്കുന്നു.അധികാരവികേന്ദ്രീകരണം, അഴിമതി കുറക്കൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷം നാളിതുവരെ എടുത്ത് പോരുന്നു എന്നവകാശപ്പെടുന്ന എല്ലാ നയങ്ങളുടെയും എതിർ ദിശയിലാണു ഈ തീരുമാനങ്ങൾ. ഒരു സ്ഥാപനഉടമക്ക് കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെയോ യന്ത്രണങ്ങളെയോ ആശ്രയിക്കാമെന്നുള്ള തീരുമാനം നാളിതു വരെ ഇടതുപക്ഷം  ഏറെ എതിർപ്പുകൾ ഉണ്ടായിട്ടും വാശിയോടെ പിന്തുടർന്നു പോന്ന തൊഴിൽ നയങ്ങളുടെ ലംഘനമാണ്.

ആദ്യം അതിന്റെ രാഷ്ട്രീയം പരിശോധിക്കാം.വികസനത്തിനും മൂലധനനിക്ഷേപങ്ങൾക്കും തടസമാണ് ഇടതുപക്ഷം എന്ന ആരോപണം ഒഴിവാക്കി കേരളത്തിന്റെ വളർച്ചക്കു തടസമെന്നു ഇക്കാലമത്രയും എതിരാളികൾ പറഞ്ഞ കാര്യങ്ങൾ ഇടതുപക്ഷം അംഗീകരിക്കുന്നു എന്ന് അവർ തന്നെ സമ്മതിക്കുന്നു എന്നതാണ് ഇതിലെ ഒരു പ്രധാന രാഷ്ട്രീയസന്ദേശം. മറ്റൊരു തരത്തിൽ പറഞ്ഞാൽ വലതുപക്ഷം മുന്നോട്ടു വച്ചുപോരുന്ന വികസനസമീപനങ്ങൾ അംഗീകരിക്കാൻ ഇടതുപക്ഷം തയാറായിരുന്നു. അധികാരവികേന്ദ്രീകരണത്തെ തങ്ങളുടെ പ്രധാന രാഷ്ട്രീയ അജണ്ടയായിട്ടാണ് ഇടതുപക്ഷം പ്രചരിപ്പിച്ചു പോന്നത്. പാർലിമെന്റ് പാസാക്കിയ 73 ,74 ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്ന തദ്ദേശ സ്വയംഭരണ സർക്കാരുകൾക്ക് ഏറ്റവും കൂടുതൽ അധികാരവും ധനവും നൽകി പരിപാലിച്ചതു കേരളമാണ് എന്നും അതിനു കാരണമായത് 1996 മുതൽ കേരളം ഭരിച്ച ഇടതുപക്ഷമാണെന്നും അവർ അവകാശപ്പെടുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ അഴിച്ചുപണി നാറാത്ത് സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരവും വിഭവങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടി എന്നും ഇടതുപക്ഷം വാദിച്ചിരുന്നു. സർക്കാരിയാ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ശക്തമായി വാദിച്ചത് പശ്ചിമബംഗാളിലെ ഇടതു സർക്കാരായിരുന്നു. പിന്നീട് വാറ്റു വന്നപ്പോഴും ഇപ്പോൾ ജി എസ ടി നടപ്പിലാക്കിയപ്പോഴും അതിന്റെ പ്രചാരകരും നടത്തിപ്പുകാരുമായി  അവർ മാറി എന്ന വസ്തുത ആരും അത്ര ശ്രദ്ധിക്കാതെ പോയി. ഇവ രണ്ടും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കുറവ് വരുത്തുന്നവയാണെന്നു അറിയുന്ന സാമ്പത്തിക വിദഗ്ധർ തന്നെയാണ് ഇന്നും ഇടതുപക്ഷണങ്ങൾ രൂപീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.പക്ഷെ കേവല പ്രത്യയശാസ്ത്ര വാശികൾക്കപ്പുറം തൽക്കാലം സംസ്ഥാനത്തിന് സാമ്പത്തികനേട്ടമുണ്ടാക്കുന്ന നയങ്ങളെ പിന്തുണക്കുക എന്ന പ്രായോഗികതയാണ് അവർക്കിതിൽ സ്വീകാര്യമായതു. ഇപ്പോൾ കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിനുള്ള പ്രധാന കാരണം ജി എസ ടി അടക്കമുള്ള നയങ്ങളാണെന്നു തുറന്നു പറയാൻ കഴിയാത്ത വിധത്തിൽ അതിനെ ന്യായീകരിച്ചവരായി അവർ മാറി.

അധികാരവികേന്ദ്രീകരണത്തിന്റെ പ്രായോഗികരൂപം എന്ന നിലയിൽ ഒമ്പതാം പഞ്ചവത്സരപദ്ധതി നടപ്പാക്കിയപ്പോൾ കൊടുത്ത മുദ്രാ വാചകം ” അധികാരം ജനങ്ങളിലേക്ക്” എന്നതായിരുന്നല്ലോ.പദ്ധതിവിഹിതത്തിന്റെ മൂന്നിലൊന്നു തദ്ദേശഭരണസ്ഥാപനങ്ങൾക്കായി ആദ്യമായി ഇന്ത്യയിൽ നീക്കിവച്ചതു കേരളത്തിലാണ്. അത്തരമൊരു സന്ദർഭം എന്നെപ്പോലുള്ളവർക്കു ഏറെ ആവേശം നൽകി. ജനകീയാസൂത്രണം വഴി തെറ്റായ വികസനസങ്കല്പങ്ങളെ തിരുത്താൻ ജനകീയ ഇടപെടൽ വഴി കഴിയും എന്ന് വിശ്വസിച്ചു. ആ പദ്ധതിയുടെ പ്രചാരകനായി മാറാൻ അതാണ് കാരണം. അന്ന് തന്നെ പല സംശയങ്ങളും ഉയർന്നു വന്നതാണ്. ഇത് നടപ്പാക്കേണ്ട തദ്ദേശസ്ഥാപനങ്ങൾക്ക് മേൽ കക്ഷി രാഷ്ട്രീയം പിടിമുറുക്കുക എന്നതാണ് ഒന്നാമത്തെ ഭയം. നമ്മുടെ എല്ലാ കക്ഷികളുമേലേക്കു പോകുംതോറും അധികാരം കൂടുതലാകുന്ന ഘടന ഉള്ളവയാണ്. പക്ഷെ ഈ പദ്ധതിയിൽ ഏറ്റവും താഴെ തട്ടിലാണ് അധികാരം. ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു പദ്ധതി നടപ്പാക്കാൻ ബ്ളോക് ജില്ലാ പഞ്ചായത്തുകൾക്ക് ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം വേണം. പക്ഷെ പാർട്ടിയുടെ മേൽ സമിതികൾക്കു കീഴ്ഘടകങ്ങൾക്കു മേൽ അധികാരവുമുണ്ട്. ഇത് വലിയ സംഘര്ഷങ്ങള്ക്കിട വക്കും എന്നതായിരുന്നു ഭയം. നാളിതുവരെ മേൽത്തട്ടിൽ മാത്രം തീരുമാനമെടുക്കുമ്പോൾ അതിൽ സുതാര്യത കുറയും. ആ തീരുമാനങ്ങൾ താഴെ തട്ടിലാകുമ്പോൾ ആ പ്രശനം കുറയും, അത് വഴി അഴിമതി കുറയും എന്നായിരുന്നു വിശ്വാസം. അനുഭവത്തിൽ ഇതുണ്ടായില്ല എന്നത് മറ്റൊരു കാര്യം.ഏറ്റവും താഴെ തട്ടുവരെ അഴിമതി വ്യാപിച്ചു. അഴിമതിയുടെ വികേന്ദ്രീകരണമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായി. ഓംബുഡ്സ്മാൻ പോലുള്ള സംവിധാനങ്ങൾ നോക്കുകുത്തിയായി. കക്ഷി രാഷ്ട്രീയം എല്ലാ അഴിമതിക്കും സംരക്ഷണം നൽകി.

ഇത് പറയുമ്പോഴും തീരെ പ്രതീക്ഷിക്കാത്ത മറ്റൊന്ന് സംഭവിച്ചു എന്ന് പിന്നീട് മനസ്സിലായി. ഔപചാരിക അധികാരഘടനക്കു പുറത്തുള്ള സാധാരണ ജനങ്ങൾ സ്വന്തം അധികാരം പ്രയോഗിക്കാൻ തുടങ്ങി. ഒട്ടനവധി ജനകീയ സമരമുഖങ്ങളിൽ അത് കണ്ട്. പ്ലാച്ചിമടയിൽ കൊക്ക കോള കമ്പനി വന്നപ്പോൾ അതിനെതിരെ പ്രാദേശിക ജനത തുടങ്ങിയ സമരം ഒരു അന്താരാഷ്ട്രമാനം നേടിയതിനു പിന്നിൽ അധികാരവികേന്ദ്രീകരണം എന്ന സങ്കല്പത്തിനുള്ള പങ്കു ആർക്കും നിഷേധിക്കാൻ കഴിയില്ല. ഒരു സംസ്ഥാന സർക്കാരിന് മേൽ ഒരു ഗ്രാമത്തിലെ ജനങ്ങൾക്ക് വലിയ സ്വാധീനമൊന്നും ചെലുത്താൻ കഴിയില്ല. എന്നാൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് അത് തള്ളിക്കളയാൻ കഴിയില്ല. കേവല മുകളിൽ നിന്നുള്ള പാർട്ടി തീരുമാനം എന്ന രീതിയിൽ അതിനെ ന്യായീകരിക്കാൻ കഴിയില്ല. ഫലമോ? മിക്കയിടത്തും പാർട്ടി അച്ചടക്കം ലംഘിച്ചും ജനപ്രതിനിധികൾക്ക് നിലപാടെടുക്കേണ്ടി വന്ന നൂറു കണക്കിന് സന്ദര്ഭനങ്ങൾ എനിക്ക് തന്നെ നേരിട്ടറിയാം. ഭരിക്കുന്ന കക്ഷി തീരുമാനങ്ങൾ എടുത്താലും ജനങ്ങൾ പ്രതിരോധിക്കുമ്പോൾ തദ്ദേശ ജനപ്രതിനിധികൾ ധിക്കരിക്കുന്നു. പാർട്ടികളുടെ ഉരുക്കുപോലുറച്ച ഘടനയൊക്കെ തകരുന്നു. തസ്സഹഭരണം വൻ അഴിമതി സാധ്യതയാകുമ്പോൾ അതിൽ സ്ഥാനം കിട്ടാൻ വലിയ തോതിൽ പണം മുടക്കാൻ നേതാക്കൾ തയാറാകുന്നു. പാർട്ടികളെ ധിക്കരിച്ചും അവർ മത്സരിക്കുന്നു. പ്രാദേശികപ്രശനങ്ങൾ മൂലം  എല്ലാ പാർട്ടികളെയും മുന്നണികളെയും തള്ളി സമരസമിതിയുടെ സ്വാതന്ത്രസ്ഥാനാര്ഥികള് ജയിച്ച അനുഭവങ്ങളും കുറവല്ല. ഇതെല്ലാം തന്നെ തീരുമാനങ്ങൾ എടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് മേലുള്ള ജനകീയ സമ്മർദ്ദം വർധിപ്പിക്കുന്നു. ഗ്രാമസഭകൾ ശക്തിപ്പെടുന്ന സന്ദര്ഭങ്ങളും കുറവല്ല. പ്രശ്നങ്ങൾ കാര്യമായി ഇല്ലാത്തിടങ്ങളിൽ ഗ്രാമസഭകൾ ശക്തിയുള്ള കക്ഷികൾ നിയന്ത്രിക്കുന്നു.

ഒരു ദുരന്തം ആഞ്ഞാറ്റയ്‌ക്കുന്നതിനു തൊട്ടുമുമ്പാണ് കെട്ടിടങ്ങൾക്കു അനുമതി നൽകാൻ തീരുമാനിക്കുന്നത്.സുരക്ഷക്കും പരിസ്ഥിതി സംരകഷണത്തിനുമായി ഉണ്ടാക്കിയിരിക്കുന്നവയാണ് പല നിയന്ത്രണങ്ങളും. അവയൊന്നും പാലിക്കാത്ത കെട്ടിടങ്ങൾക്കു അനുമതി നൽകുക വഴി സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു. ഭൂവിസ്തീര്ണവും കെട്ടിടാവിസ്തീര്ണവും തമ്മിലായുള്ള അനുപാതം വളരെ നിർണ്ണായകമാണ്.ഒരു ഭൂചലനമോ തീപ്പിടുത്തമോ ഉണ്ടായാൽ അവിടെ സുരക്ഷാ ഉറപ്പാക്കാൻ ആവശ്യമായ സ്ഥലം വേണം. ഇപ്പോൾ അതാണ് ഇല്ലാതാകുന്നത്.

ഇപ്പോൾ കൊണ്ട് വന്നിരിക്കുന്ന ഭേദഗതികൾ അനുസരിച്ചു ഒരു പഞ്ചായത്തിൽ ഒരു സ്ഥാപനം ആരംഭിക്കാൻ അപേക്ഷ കിട്ടിയാൽ മറ്റാരോടും ചോദിക്കാതെ സെക്രട്ടറി എന്ന ഉദ്യോഗസ്ഥന് അനുമതി നൽകാം. ജനകീയഭരണസമിതിയുടെ അംഗീകാരം വേണ്ട. നിക്ഷേപകനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ എന്ന പേരിൽ കൊണ്ട് വരുന്ന ഈ നിയമം അക്ഷരാർത്ഥത്തിൽ അധികാരവികേന്ദ്രീകരണം എന്ന സങ്കല്പത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണ്. പ്ലാച്ചിമടയിൽ ജനകീയ സമരം ശക്തിപ്പെട്ടപ്പോൾ പേരുമാറ്റി ഗ്രാമപഞ്ചായത് ജനങ്ങൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. ഹൈക്കോടതി നിയന്ത്രിതമായി ജലമൂട്ടി കമ്പനി നടാത്തതാണ് അനുമതി നൽകിയിട്ടും അവിടെ പ്രവർത്തനം നിർത്തിവക്കേണ്ടി വന്നത് പ്രവർത്തനനിബന്ധനകൾ തയ്യാറാക്കാൻ പഞ്ചായത്തുകൾക്ക് അധികാരം ഉണ്ടായിരുന്നതിനാലാണ്. അവർ വച്ച ജനപക്ഷ പരിസ്ഥിതി സൗഹൃദ നിബന്ധനകൾ പാലിച്ചുകൊണ്ട്‌ അവിടെ പ്രവർത്തിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. സംസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അധികാരമെങ്കിൽ എന്താകും അവസ്ഥയെന്നറിയാൻ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാര്യം നമുക്കറിയാം. ഇന്ന് വരെ യഥാർത്ഥത്തിൽ മലിനീകരണം നടത്തുന്ന ഒരു സ്ഥാപനം പോലും അടച്ചുപൂട്ടാൻ അവർക്കു കഴിഞ്ഞിട്ടില്ല. പ്ലാച്ചിമടയിൽ തന്നെ സംസ്ഥാനാനാർക്കറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലഗവേഷണസ്ഥാപനം കമ്പനിക്കു പ്രവർത്തിക്കാനുള്ള പഴുതുകൾ ഉണ്ടാക്കുകയായിരുന്നു. ഇടക്കിടക്ക് ലക്ഷക്കണക്കിന് മൽസ്യങ്ങൾ ചത്തുപൊന്തുന്ന , പല നിറങ്ങളിൽ ഒഴുകുന്ന പെരിയാറിന്റെ രക്ഷിക്കാനോ വിളപ്പില്ശാലയടക്കമുള്ള നിരവധി ഇടങ്ങളിൽ നഗരമാലിന്യം കൊണ്ടു തള്ളി ജനജീവിതം ദുസ്സഹമാക്കിയപ്പോഴും മഖ്‌ലിനീകരണസ്ഥാപനം കണ്ണടച്ചു നിന്ന്. അതിനൊക്കെ അനുമതി കൊടുത്തു. സർക്കാരിന്റെ കീഴിലുള്ള റവന്യു, ജിയോളജി ,അഗ്നിശനസുരക്ഷാ തുടങ്ങിയ വിഭാഗങ്ങളുടെ കാര്യവും മറ്റൊന്നല്ല.

പലയിടത്തും തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങൾക്കൊപ്പൻ നിൽക്കാൻ തീരുമാനിച്ചപ്പോൾ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഈ അവസ്ഥയാണ് വികസനത്തിനും മൂലധനനിക്ഷേപങ്ങൾക്കും തടസ്സമായി നിൽക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. അത് തന്നെയാണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനവും. അപേക്ഷ നൽകിയാൽ അനുമതി നൽകാൻ കാലതാമസം ഉണ്ടാകുന്നത് ഭരണസമിതികളുടെ കാര്യക്ഷമതക്കുറവു  കൊണ്ടല്ല. അങ്ങനെ താമസം വരാതിരിക്കാൻ നിർബന്ധിക്കാം . പക്ഷെ അതിനു പകരം ആ അധികാരം തന്നെ ഇല്ലാതാക്കുന്നത് തലവേദന ഇല്ലാതാക്കാൻ തല വെട്ടിക്കളയുന്നതു പോലെയാണ്. ഇതിന്റെ പിന്നിൽ വൻ അഴിമതി സാധ്യതയുണ്ടെന്ന സത്യവും ഒളിച്ചുവക്കാൻ  കഴിയില്ല. മന്ത്രിസഭയുടെ അധികാരം ചീഫ് സെക്രട്ടറിക്ക് നല്കുന്നതുപോലെയാണത്. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം എടുക്കുന്നത് പോലെ തെറ്റാണിത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കെതിരാണ്.

 

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment