Scrollup

ബീഫല്ല ജീവിതമാണ് നിരോധിക്കപ്പെടുന്നത്.

സി.ആർ.നീലകണ്ഠൻ

കേന്ദ്രസർക്കാരിന്റെ കന്നുകാലി വ്യാപാര നിയന്ത്രണ വിജ്ഞാപനത്തിൽ ബീഫ് നിരോധനമോ കശാപ്പു നിരോധനമോ ഇല്ലെന്നു കേരള ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ഉണ്ടെന്നു വാദിച്ച സർക്കാരിനെയടക്കം കോടതി അതിനിശിതമായി വിമർശിക്കുന്നു. ഇന്നലെ ചെന്നൈയിലെ മറ്റൊരു ഹൈക്കോടതി ഇതേ വിജ്ഞാപനത്തെ മറ്റൊരു രീതിയിലാണ് കണ്ടത്. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ് ഈ വിജ്ഞാപനം എന്നാണ് ആ കോടതി കണ്ടെത്തിയത്. ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അധികാര പരിധികൾ നിർണ്ണയിക്കുന്ന ലിസ്റ്റുകൾ ഉള്ളത്. അതിൽ മൃഗസംരക്ഷണവും കന്നുകാലിച്ചന്തയും ഭക്ഷണവുമെല്ലാം സംസ്ഥാനത്തിന്റെ അധികാരത്തിലാണ്. മൃഗാനങ്ങളോട് ക്രൂരമായി പെരുമാറുന്നത് തടയുന്നതിനുള്ള കേന്ദ്രത്തിന്റെ 1960 ലെ നിയമത്തിന്റെ ബലത്തിലാണ് ഈ വിജ്ഞാപനം എന്നതിനാൽ കേന്ദ്രത്തിന്റെ കീഴിൽ വരും എന്ന തൊടുന്യായം വച്ചുകൊണ്ടാണ് കേന്ദ്രവും അതിനെ പിന്താങ്ങുന്നവരും ഇതിനെ ന്യായീകരിക്കുന്നത്.സുപ്രീം കോടതിയുടെ ഒരു വിധിയും ഇതിനു പിൻബലമായി ചൂണ്ടിക്കാട്ടുന്നു. ഒപ്പം നമ്മുടെ നാട്ടിൽ യാതൊരുവിധ നിയന്ത്രണവുമില്ലാതെ പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഹാനികരമായ വിധത്തിൽ നടക്കുന്ന മാംസവ്യാപാരവും ഉയർത്തിക്കാട്ടി അത് തടയാനെന്ന വാദവും ഉയർത്തുന്നു. ഇത് കാണുന്ന സാധാരണ മനുഷ്യർ തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരം സാധാരണക്കാരുടെ ചോദ്യങ്ങളെ അഭിസംബോധനചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇത് സുപ്രീം കോടതി വിധിയ്ക്കനുസരിച്ച് കേന്ദ്ര സർക്കാരുണ്ടാക്കിയ നിയമമാണ്. കോടതി വിധി അനുസരിക്കുക എന്നതാണ് സർക്കാരിന്റെ ജോലി. ഈ വാദം തന്നെ പരിശോധിക്കപ്പെടണം.ഏതാണ് ആ  കോടതിവിധി? എന്താണ് കേസ്?  ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കാലികളെ കള്ളക്കടത്തുന്നത് തടയണം എന്നാവശ്യപ്പെട്ടു മൃഗസ്നേഹികളും സംഘടനകളും സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് കോടതിവിധി. അതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മൂന്നുമാസത്തിനകം  നിർമ്മിക്കണം എന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.   ഇന്ത്യയിൽനിന്നും അയൽനാടുകളിലേയ്ക്ക് കാലികളെ കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയും കാലിച്ചന്തയും തമ്മിൽ എന്ത് ബന്ധം? കാലിച്ചന്തയിൽ കാർഷികാവശ്യത്തിനു മാത്രമേ കാലികളെ വിൽക്കാവൂ എന്ന് കോടതി പറഞ്ഞോ? എന്തിനാണ് കോടതിയുടെ ചെലവിൽ ഒരു നുണ പ്രചാരണം? ഇവിടെ സർക്കാരിന് മറച്ചുപിടിക്കാൻ ചില കാര്യങ്ങളുണ്ടെന്നു വരുന്നു.  അത് ഗോവധനിരോധന മാണോ?  എങ്കിൽ അത് തുറന്നു പറയുക. ഇത്തരം ചട്ടങ്ങൾ, അതായത് മാംസത്തിനായി കാലികളെ വിൽക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോകുന്നതും നിയന്ത്രിക്കാൻ, ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനു നിർദ്ദേശം  കൊടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരാൾ ജനുവരി മാസത്തിൽ സുപ്രീം കോടതിയിലെത്തി. ഇതായിരുന്നു ആവശ്യം: കൊല്ലുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പകരം കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തിനു  മുഴുവൻ ബാധകമാകുന്ന നയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം കൊടുക്കണം എന്നായിരുന്നു ആവശ്യം.  കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.ഇത്തരമൊരു ഉത്തരവിന്റെ ആവശ്യമെന്താണ്? കോടതി ചോദിക്കുന്നു. ഒരാവശ്യവുമില്ല. കന്നുകാലികളെ അറക്കുന്നതു തടയുന്ന ഒരു നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാൻ ഞങ്ങൾക്ക് കഴിയില്ല.കന്നുകാലികളുടെ അന്തർസംസ്ഥാനവ്യാപാരവും മറ്റും തടയുക എന്ന ലക്ഷ്യത്തോടെ നിരവധി വിധികൾ ഈ കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.. ഈ ആവശ്യത്തിന് മറ്റൊരു ഇടപെടലും ആവശ്യമില്ല എന്ന് ചീഫ് ജസ്റ്റിസ് ജെ എസ കെഹാറും ജസ്റ്റിസ് എൻ വി രമ ണയും ഉൾപ്പെട്ട ബെഞ്ച് പ്രസ്താവിച്ചു.  ( ഫേസ്‌ബുക്കിൽ കെ ജെ ജേക്കബ് പറയുന്നതുപോലെ) “കശാപ്പു തടയണമെന്ന് പറഞ്ഞു പോയാൽ കോടതി സമ്മതിക്കില്ല എന്ന് മനസിലായപ്പോൾ പിന്നെ അടുത്ത വഴി നോക്കി. അതല്ലേ സത്യം? എന്നിട്ടു കോടതി പറഞ്ഞു എന്ന നുണ. പോത്തിനെ ചാരി എരുമയെ തല്ലുന്ന പരിപാടി”.)

നല്ല മാംസം ജനങ്ങൾക്ക് ലഭ്യമാക്കലാണ് ലക്ഷ്യമെങ്കിൽ ഇതല്ല രീതി. പഞ്ചായത്തീ രാജ്‌ നിയമമനുസരിച്ചു കേരളത്തിൽ അറവുശാലകളും മാംസവില്പനയും അതിന്റെ മാലിന്യസംസ്കരണവുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയിൽ പെട്ട കാര്യങ്ങളാണ്. ആ മേഖലയിൽ നിയമങ്ങൾ കൂടുതൽ കര്ശനമാക്കണമെന്നാണ് വിജ്ഞാപനമെങ്കിൽ ആരും എതിർക്കില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അധികാരപരിഷിയിൽ അത് വരുമെന്ന് വാദിക്കാനും കഴിയും. പക്ഷെ ഇവിടെ കമ്പോളത്തിനെയാണ് നിയന്ത്രിക്കുന്നത് എന്നതിനാൽ തന്നെ ഇതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടി വരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കവചം ഈ വിജ്ഞാപനത്ത്നു ചേരില്ല.

ഈ ഉത്തരവിന് രാഷ്ട്രീയവും സാമ്പത്തികവുമെന്നു  പൊതുവായി വിഭജിക്കാവുന്ന  ലക്ഷ്യങ്ങളുണ്ട്. പശു എന്നതിനെ പുതിയ സവർണ്ണ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആക്കുക എന്നതാണ് രാഷ്ട്രീയ ലക്‌ഷ്യം. പള്ളിയും അമ്പലവും ഇനി അധികം നിൽക്കുന്നില്ല. വികസനത്തിന്റെ വായ്ത്താരി വിലയില്ലാത്തതാണെന്നു സ്വന്തം അനുഭവങ്ങളിൽ നിന്നും ജനങ്ങൾക്ക് തന്നെ ബോധ്യപ്പെടുന്നു. . വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പുകൾ വഴി ഇനി അധികം പിടിച്ചുനില്ക്കാന് കഴിയില്ല. അപ്പോൾ ഒരു വഴി പുതുതായി വേണം. അതിനു ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്താൻ ഒരു മാർഗം വേണം. അതിന്റെ നിരവധി ലക്ഷണങ്ങൾ ഈ കേരളത്തിന്റെ മണ്ണിലും നാം കാണുന്നു. പുണ്യമാസം ആരംഭിക്കുന്നതിന്റെ തലേന്ന് തന്നെ ഇങ്ങനെ ഒരു വിജ്ഞാപനം വരുന്നു എന്നത് തന്നെ ശ്രദ്ധേയമാണ്. ഇതിനെ മറ്റു പലതും പോലെ ഒരു മതവിഷയമാക്കി മാറ്റുക എന്നതാണ് ലക്‌ഷ്യം. അത് വഴി കുറേപ്പേരിലെങ്കിലും ഒരു തരം സംശയം ജനിപ്പിക്കാനായാൽ ഇവർ ഉദ്ദേശിച്ച കാര്യം നടന്നു. അത് വഴി പിന്നെ പിടിച്ചു കയറാമല്ലോ. ക്ഷേത്രം തകർക്കൽ. .സോഷ്യൽ മീഡിയയിലെ പ്രചരണം, ഒടുവിൽ പ്രതി. കേരളത്തിൽ എന്ത് നടത്താനാണ് പദ്ധതിയിടുന്നതെന്ന് മനസിലാക്കാൻ ഒരുപാട് ബുദ്ധിയൊന്നും വേണമെന്നില്ല. മസ്ജിദിനുള്ളിൽ കടന്ന് മുസ്ലിം പുരോഹിതനെ വധിച്ചതും വ്യാജ വീഡിയോ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ പ്രചരിപ്പിച്ചതുമെല്ലാം ഇതിന്റെ വകഭേദങ്ങൾ മാത്രം. മുകളിലെ പോസ്റ്റിലെ വാചകങ്ങൾ ശ്രദ്ധിക്കുക. ഹിന്ദുക്കൾ ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതു കൊണ്ടെന്ന്…കേൾക്കുമ്പൊൾ ശരിയെന്ന് തോന്നുമെങ്കിൽ അവർക്ക് വേണ്ടതും അതുതന്നെയാണെന്നറിയുക

ഈ വിജ്ഞാപനത്തിന്റെ സാമ്പത്തികലക്ഷ്യങ്ങളും ഇന്ന് നമുക്കറിയാം. മുൻപൊരിക്കൽ വടക്കേ ഇന്ത്യയിൽ വ്യാപകമായി ഉത്പാദിപ്പിക്കുകയും നിത്യവും ഉപയോഗിക്കുകയും ചെയ്തിരുന്ന കടുകെണ്ണ ആരോഗ്യത്തിനു ഹാനികരമെന്ന പേരിൽ നിരോധിച്ചതും ആ ഇടവേളയിൽ പുറംകടലിൽ നങ്കൂരമിട്ടിരുന്ന സോയ ബീൻ എണ്ണ തുറമുഖത്തടുത്താത്തതുമെല്ലാം നാം കണ്ടതാണ്. അനേക ലക്ഷം കുടുംബങ്ങൾ, വിശേഷിച്ചും ഗ്രാമീണ വനിതകൾ ഉപജീവനത്തിനായി  കടുക് കൃഷിയും എന്ന ഉത്പാദനവും ഒറ്റയടിക്ക് നിലച്ചു. അതിനു സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും അറവുശാലക്കാർക്കും . ഉപജീവനമാർഗ മായിരുന്ന ഒരു പ്രവർത്തനമാണ് ഒറ്റയടിക്ക് നിലച്ചു പോയത്. ഇതോടൊപ്പം തുകൽ മേഖലയിൽ ചെറുകിട ഉത്പാദനം നടത്തുന്നവരുടെ ഉപജീവനവും പോകും. ഇതിനെല്ലാം പുറമെ ദരിദ്രരുടെ ഏറ്റവും ചെലവ് കുറഞ്ഞ പോഷകാഹാരലഭ്യതയും ഇല്ലാതാകും. ഇതിനെല്ലാം ഇരകളാകുന്നവർ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരാകും. ദളിതരും ന്യുനപക്ഷജനവിഭാഗക്കാരുമാകും ഇതിൽ മഹാഭൂരിപക്ഷവും.

ഉപയോഗം കഴിഞ്ഞ കന്നുകാലികളെ കര്ഷകര്ക്കിനി ചന്തയിൽ കൊണ്ട് പോയി വിൽക്കാനാകില്ല. അതിനെ ആറുമാസം സംരക്ഷിക്കണമെന്ന് ഉറപ്പു നല്കുന്നവർക്കേ അവയെ വാങ്ങാനാകു. ഫലത്തിൽ ചന്ത വഴി ഒരു കാലിയെയും ഇനി അറവു ശാലകളിൽ എത്തിക്കാൻ കഴിയില്ല. പിന്നെ ആ കർഷകൻ എന്ത് ചെയ്യണമെന്ന് വിജ്ഞാപനം പറയുന്നില്ല. വരുമ്പോൾ ആ കുടുംബത്തിന് കിട്ടുന്ന ചെറിയ വരുമാനം, അവരുടെ ജീവിതത്തിലെ ഏക ബോണസ്, ഇല്ലാതാകുന്നു.   . പകരം അവയെ ഒരു വൻകിട ഫാ മുടമക്ക് വിൽക്കാം. അയാൾ ആറുമാസം സംരക്ഷിക്കണമെന്ന ഉറപ്പും നൽകും. പക്ഷെ അതിനു അയാൾ നൽകുന്ന വില സ്വീകരിക്കാൻ കർഷകർ തയ്യാറാകേണ്ടി വരും. അങ്ങനെ വാങ്ങുന്നവർക്ക് നൂറുകണക്കിന് കാലികൾ ഉണ്ടാകും. ഫാമും അതിലേറെ ഉദ്യോഗസ്ഥരിൽ സ്വാധീനവുംഉണ്ടാകും. അവരെ ആരും ചോദ്യം ചെയ്യില്ല. പക്ഷെ ഒരു ചെറിയ അറവുശാലക്കാരൻ വാങ്ങിയാൽ ആറുമാസം പോറ്റണം. അത് സാധ്യമാകില്ല. അയാൾക്ക്‌ സ്വാധീനവും കാണില്ല. അയാളെ ഗോസംരക്ഷകർ വളയും.  അറുത്താൽ അയാളെ തല്ലിക്കൊല്ലും. ചെറുകിട ശാലകൾ പൂട്ടും. കര്ഷകന് വൻ നഷ്ടവുമാകും.

ഇന്ത്യ ലോകത്തിൽ ഏറ്റവുമധികം ബീഫ് ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ്. രാജ്യത്ത് വൻകിട ഫാം ഹൗസുകൾ വളരുകയും ചെറുകിട കാലിക്കർഷകർ പിടിച്ചു നിൽക്കാനാകാതെ കളം വിടുകയും ചെയ്യും . ആ വിടവിലേക്ക് വൻകിട കമ്പനിക്കാരെത്തും. അവർ ഏക്കർക്കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കാലികൃഷി ചെയ്യും. സർക്കാരിന്റെ സർട്ടിഫിക്കറ്റുളള അറവുശാലകളിൽ വെട്ടിയെടുത്ത മൂരിയോ പോത്തോ ഓൺലൈനായി വീട്ടിലെത്തും. ഇന്ത്യയിലെ ബീഫ് കച്ചവടം വലിയൊരു വരുമാനസാധ്യതയാണെന്ന് വൻകിട കമ്പനികൾ മനസിലാക്കിയിട്ടുണ്ട്. അതിന് പ്രധാന തടസം ഏതു ഗ്രാമത്തിലും നിലനിൽക്കുന്ന കാലിച്ചന്തകളും ഇറച്ചിയുടെ എളുപ്പത്തിലുളള ലഭ്യതയുമാണ്. ഈ ചന്തകളെ തകർത്താൽ മാത്രമെ വൻകിട ഫാം ഹൗസുകൾക്ക് അവിടേക്ക് കയറി വരാൻ പറ്റൂ…

ഇതിനെ നേരിടേണ്ടതെങ്ങനെ എന്ന പ്രശ്നവും ഉണ്ട്. ഓരോ കക്ഷിയും തങ്ങളുടെ വിജ്ഞാപനവിരോധം മറ്റുള്ളവരെക്കാൾ അധികമാണെന്ന് കാണിക്കാനായി നടത്തുന്ന കോപ്രായങ്ങൾ അല്പം പരിധി വിട്ടി ല്ലേ എന്ന സംശയം ചിലർക്കെങ്കിലും ഉണ്ട്. കേവലം ബീഫ് കഴിക്കാനുള്ള വകാശം എന്നത് മാത്രമായോ നമ്മുടെ പ്രതിഷേധങ്ങൾ? ബീഫ് കഴിക്കാത്തവരെയും ഇതിന്റെ ഭാഗമാക്കേണ്ടതല്ലേ?  പരമാവധി പേരെ ഇതിന്റെ സത്യം മനസ്സിലാക്കിക്കാണാന് സമാധാനവാദികൾ ശ്രമിക്കേണ്ടത്. മറിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ കുറേപ്പേരിലെങ്കിലും ശത്രുത വളർത്താനേ ഈ പ്രവർത്തനങ്ങൾ വഴി വെക്കൂ. ഇതിലെ നിയമപ്രശനങ്ങൾ കോടതി തീരുമാനിക്കട്ടെ എന്ന് പറയുമ്പോൾ ഇന്ന് രാജസ്ഥാൻ ഹൈക്കോടതിപോലുള്ളവയുടെ വിധികളും അഭിപ്രായങ്ങളും കേൾക്കുമ്പോൾ മനസ്സിലാശങ്കയുണ്ടാകുന്നു എന്നത് സത്യമാണ്. പശുവിനെ ദേശീയമൃഗമാക്കണം എന്നും ഗോവധത്തിനു ജീവപര്യന്തം തടവുശിക്ഷയാക്കണമെന്നും പറയുന്നു. ഇത് വഴി  പശുമാംസം സൂക്ഷിച്ചോ എന്ന സംശയത്തിൽ ഒരു മനുഷ്യനെ വധിച്ചതിന് ന്യായീകരണമാകില്ലേ?

നോട്ടു നിരോധനം പോലെ ജനങ്ങൾക്ക് മേൽ തങ്ങളുടെ ആധിപത്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രക്രിയ തുടരുകയാണ് കേന്ദ്ര സർക്കാരും അതിന്റെ നേതൃത്വത്തിലുള്ളവരും. ഇതിനെതിരായ പ്രതിരോധം തീർത്തും ജനാധിപത്യത്തിൽ ഊന്നിയുള്ളതാകണം. വിശാലമായ ഐക്യത്തിൽ അത് വളർന്നു വരണം. അല്ലാത്തപക്ഷം ജനങ്ങളെ വിഭജിക്കുന്ന തന്ത്രങ്ങൾക്ക് നാം കീഴ്പ്പെട്ടു പോകും.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment