Scrollup

വികസനത്തിന്റെ ( കക്ഷി) അരാഷ്ട്രീയം

-സി ആർ നീലകണ്ഠൻ

കേരളത്തിലും ഒരു പരിധി വരെ ഇന്ത്യയിലാകെയും കാണുന്ന ഒരു രീതിയുണ്ട്. ജനങ്ങളെയും പരിസ്ഥിതിയെയും മറ്റും സാരമായി ബാധിക്കുന്ന ഒരു വിഷയം ഉയർന്നു വന്നാൽ അതിനെ മുന്നണികൾ തമ്മിലോ കക്ഷികൾ തമ്മിലോ ചിലപ്പോൾ കക്ഷികൾക്കകത്തെ ഗ്രുപ്പുകളോ വ്യക്തികളോ തമ്മിലോ ഉള്ള ഒരു തർക്കമോ വിവാദമോ ആക്കി മാറ്റുന്നു. അത് വഴി യഥാർത്ഥ പ്രശ്നം മുങ്ങിപ്പോകുന്നു. വിനാശം സംഭവിക്കുന്നു. നമ്മുടെ ശ്രദ്ധ അതിലല്ല എന്നതിനാൽ പ്രതിരോധം ദുർബലമാകുന്നു. അതിൽ നിന്നും ലാഭം കൊയ്യേണ്ടവർ അത് കൊയ്യുന്നു.

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ പുതുവൈപ്പ് എന്ന പ്രദേശത്ത് ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്ന പൊതുമേഖലാ സ്ഥാപനം നിർമിക്കുന്ന പാചകവാതക ടാങ്കുകൾക്കെതിരായ സമരം ഇതിനു ഒരു നല്ല ഉദാഹരണമാണ്. പ്രദേശവാസികൾ നടത്തുന്ന സമരമാണ് ഇത്. ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങളിൽ ഒട്ടേറെ അസത്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട്  കമ്പനിയും സർക്കാരും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷി യും (അതിന്റെ പ്രാദേശികനേതൃത്വമൊഴിച്ചു) രംഗത്ത് വന്നിരിക്കുന്നു. പദ്ധതിയെ മാത്രമല്ല അതിനെതിരെ സമരം ചെയ്യുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന നൂറു കണക്കിന് ജനങ്ങളെ അതിക്രൂരമായി തല്ലിച്ചതച്ചതിനെയും ഇവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിക്കുന്നുമുണ്ട്. ഈ സമരത്തെ സഹായിക്കുന്നവരെയെല്ലാം തീവ്രവാദികളും വികസനത്തെ തുരങ്കം വക്കുന്നവരുമായി ചിത്രീകരിക്കാനും അവർ ഇടതുപക്ഷത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ എന്ന് കുറ്റപ്പെടുത്താനും ശ്രമിക്കുകയാണ്. നന്ദിഗ്രാം, സിംഗൂർ എന്നൊക്കെ കേൾക്കുമ്പോൾ ഇടതുപക്ഷം അസ്വസ്ഥമാകുന്നതിനുള്ള കാരണം വ്യക്തമാണ്. മുപ്പത്തി നാല് കൊല്ലക്കാലം തുടർച്ചയായി ഭരണം നടത്തി റെക്കോർഡിട്ട പശ്ചിമ ബംഗാളിലെ സി പി എം ഈ രണ്ട് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഇന്ന് മൂന്നാം സ്ഥാനത്തിന് വേണ്ടി കിണഞ്ഞു ശ്രമിക്കുന്നു. ഒരു വട്ടം തങ്ങൾക്കു തെറ്റ് പറ്റിയതല്ല എന്ന് ജനങ്ങൾ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പുകളിലൂടെ പ്രഖ്യാപിക്കുന്നു. അറുപതു വര്ഷം എതിർത്തുപോന്ന  കോൺഗ്രസിന്റെ കൂടെ കൂടിയെങ്കിലും രക്ഷപ്പെടാൻ കഴിയുമോ എന്നാണ് ഇന്നവിടെ പരീക്ഷിക്കുന്നത്.

2007 -8 കാലത്ത് നന്ദിഗ്രാമും സിംഗൂരും ചർച്ചാവിഷയമായിരുന്നപ്പോൾ പാർട്ടി ഉയർത്തിയിരുന്ന അതെ പ്രതിരോധങ്ങൾ തന്നെയാണ് പുതുവൈപ്പിൻറെ കാര്യത്തിൽ ഇപ്പോഴും ഉയർത്തുന്നത് എന്നത് തന്നെ അവിടെ നിന്നും ഒരു പാഠവും ഇവർ പഠിച്ചില്ല എന്നാണു കാണിക്കുന്നത്. ആ പദ്ധതി വലിയ വികസനം നാട്ടിനുണ്ടാകും, അതുപേക്ഷിച്ചാൽ നിക്ഷേപകരുടെ വിശ്വാസം തകരും , ജനങ്ങളാകെ അതിനു അനുകൂലമാണ്, ചിലസ്ഥാപിത താൽപര്യക്കാർ നുഴഞ്ഞുകയറി സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ മാത്രമാണിത്, അവരുടെ ലക്‌ഷ്യം പാർട്ടിയെ തകർക്കുക എന്നതാണ്, അതുകൊണ്ടുതന്നെ പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കൂടെ നിൽക്കുന്നവർ ആ പദ്ധതിയെ അനുകൂലിക്കണം എന്ന് പത്ര ദൃശ്യ മാധ്യങ്ങളിലൂടെ ആവർത്തിച്ച കഥകൾ നമുക്ക് ഇന്നും നല്ല ഓർമ്മയുണ്ട്. അന്നും അതിനെ സംശയത്തോടെ തന്നെ കണ്ട വി എസ അച്യുതാനന്ദനെപ്പോലുള്ളവർ ഇവിടെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്. ആ ഓര്മ പൂർണമായി നഷ്ടപ്പെടാത്തതിനാലാകണം സി പി എമ്മിന്റെ പ്രാദേശികഘടകവും എല്ലാ തദ്ദേശഭരണ പ്രതിനിധികളും ഒടുവിലായി സ്ഥലം എം എൽ ആയും പദ്ധതിയെ പരസ്യമായി  എതിർക്കുന്നത്. ഇടതു പക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ പല വിഷയങ്ങളിലെന്ന പോലെ ഇവിടെയും അതിശക്തമായി പദ്ധതിയെ എതിർക്കുന്നത്. ബംഗാളിൽ അവർക്കത്തിന് കഴിഞ്ഞില്ല. ഒരു പക്ഷെ ഇവിടെ ഉള്ളത്ര ശക്തി എന്നവർക്ക് അവിടെ ഉണ്ടായിരുന്നില്ലായിരിക്കാം. പക്ഷെ ഇതൊന്നും മുഖ്യമന്ത്രിയെയും പാർട്ടിയിലെ പ്രബല വിഭാഗത്തെയും ഇളക്കാൻ പോന്നതാണെന്നു തോന്നുന്നില്ല. പദ്ധതി അവിടെ തന്നെ വരുമെന്നാണ് അവർ ആവർത്തിക്കുന്നത്. അതിനർത്ഥം പുതിയൊരു നന്ദിഗ്രാം പുതുവൈപ്പിനിൽ വന്നാലും ഒരു പ്രശ്നവുംയി അവർ കാണുന്നില്ല എന്നാണു. കഴിഞ്ഞ വി എസ മന്ത്രിസഭയുടെ കാലത്ത വല്ലാർപാടം പദ്ധതിക്ക് വേണ്ടി പാവപ്പെട്ട ജനങ്ങളെ മൂലമ്പിള്ളിയിൽ അടിച്ചിറക്കിയതിന്റെ ഓർമ്മയും ഇവർക്ക് നഷ്ടപ്പെട്ടു. അന്നുയർന്നുവന്ന ശക്തമായ സമരങ്ങളുടെ ഫലമായി ഒരു പാക്കേജ് പ്രഖ്യാപിക്കാനും ഭാഗികമായെങ്കിലും അത് നടപ്പിലാക്കാനും അവർ നിര്ബന്ധിതരായതിനാൽ തൽക്കാലം രക്ഷപ്പെട്ടു. എന്നാൽ ഇവിടെ ഒരു ഗ്രാമം ഒന്നടങ്കമാണ് സമരത്തിനിറങ്ങിയിരിക്കുന്നതു. അവരുടെ സമരത്തിൽ ന്യായമുണ്ടെന്നു പൊതു സമൂഹത്തിനു വിശ്വാസം ഉണ്ടായിരിക്കുന്നു. പ്രത്യേകിച്ചും ആ ജനതക്കെതിരെ അതിക്രൂരമായി സർക്കാർ ബലപ്രയോഗം നടത്തിയത് കൂടി നേരിൽ കണ്ടപ്പോൾ. ഹിംസയെ സർക്കാരും പാർട്ടിയും ന്യായീകരിക്കുന്നത് കാണുമ്പോൾ.പ്രതിപക്ഷം ഇത്തരമൊരു അവസ്ഥ മുതലെടുക്കുമെന്നു തീർച്ച. അതവരുടെ രീതിയാണ്. പദ്ധതിയോട് അവർ എടുക്കുന്ന സമീപനത്തിലെ ഇരട്ടത്താപ്പ് പ്രകടമാണ്. പക്ഷെ സർക്കാരിന്റെ പിടിവാശിയും തെറ്റായ ഇടപെടലും വഴി അവർ രക്ഷപ്പെടുകയാണ്. ഏറ്റവുമൊടുവിൽ സമരത്തിന്റെ ഫലമായി സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധസമിതി തന്നെ പ്രസ്തുത പദ്ധതി നിയമവിധേയമല്ലെന്നും അപായസാധ്യതയുണ്ടെന്നുമുള്ള ജനങ്ങളുടെ ആശങ്കകൾ ശരിവെക്കുന്നു. ഈ തീരുമാനം ജനങ്ങൾക്ക് നേരെ ഇത്ര ഹീനമായ അക്രമങ്ങൾ നടത്തിയ ശേഷമാണോ ചെയ്യേണ്ടത്? സമാനമാണ് ചെറുവള്ളി വിമാനത്തവാളത്തിന്റെയും ഗെയിൽ പൈപ്പലൈനിന്റെയും ഒക്കെ വിഷയങ്ങളിൽ സർക്കാർ എടുക്കുന്ന സമീപനവും. ഗെയിൽ  വിഷയത്തിൽ ക്രൂരമായമർദ്ദനം അഴിച്ചു വിട്ടു. തീവ്രവാദികളാണ് സമരത്തിന് പിന്നിലെന്ന് ആവർത്തിക്കുന്നു.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ മറ്റൊരുദാഹരണം. 2007 ൽ വി എസ സർക്കാർ അതിനു ഗൗരവമായി ഒരുങ്ങിയപ്പോൾ അതിനെതിരെ ആദ്യം രംഗത്ത് വന്നത് റവന്യു മന്ത്രിയുടെ പാർട്ടിയായ സി പി ഐ തന്നെ. അതോടെ സർവ്വരും അംഗീകരിച്ച ആ പ്രക്രിയ എന്നെന്നേക്കുമായി അവസാനിച്ചു. ഇപ്പോൾ വീണ്ടും മൂന്നാർ വിഷയമായിട്ടുണ്ട്.പക്ഷെ അത് പുറം പ്രദേശത്താണ് എന്ന് മാത്രം.ഇവിടെ സി പി ഐ ആണ് ഒഴിപ്പിക്കലിന് വേണ്ടി വാദിക്കുന്നത്. എതിര്പക്ഷത്ത് കോൺഗ്രസ്സി ല്ല. പക്ഷെ മുഖ്യഭരണകക്ഷിയായ സി പി എം ആണുള്ളത്. വി എസ ഒഴിച്ചുള്ള സി പി എം എന്നും ആ പക്ഷത്താണ് താനും.  കൊട്ടക്കാമ്പൂരിലെ ഭൂമി പ്രശ്നം എന്താണ്? . ഇടതുപക്ഷ എം പിയുടെ കൈവശമിരിക്കുന്ന ഇരുപതേക്കർ ഭൂമിയുടെ പട്ടയമാണ് റവന്യു വകുപ്പ് റദ്ദാക്കിയത്. അതിലും സി പി ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കെതിരെ ഹർത്താൽ നടത്തുന്ന സി പി എം. തന്റെ കൂടി അറിവോടെയും സമ്മതത്തോടെയുമാണ് സബ് കളക്ടർ അങ്ങനെ ചെയ്തതെന്ന് റവന്യു മന്ത്രി പറയുമ്പോഴും എം എം മണി പതിവുപോലെ തെറി വിളിക്കുന്നത് നിയമം പാലിക്കുന്ന ഉദ്യോഗസ്ഥരെയാണ്. നിലമ്പൂരിലെ എം എൽ എ പി വി അൻവർ നടത്തിയ നിയമലംഘനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. എന്നിട്ടും സർക്കാരിന് അനക്കമില്ല. യു ഡി എഫിനും കാര്യമായ പ്രശ്‌നമില്ല. ഒരു പ്രതിപക്ഷത്തിന്റെ റോൾ എടുക്കാൻ അവർക്കു കഴിയുന്നില്ല. അതിനു കാരണം ഈ അഴിമതികളൊക്കെ ഏറിയും കുറഞ്ഞും കൂട്ട് കച്ചവടങ്ങളാണ് എന്നതാണ്.

ഇപ്പോൾ കോടിയേരിയും കാനവും തമ്മിലുള്ള തർക്കം അവർ തമ്മിൽ സംസാരിച്ചു ഒരു സന്ധി പ്രഖ്യാപിച്ചേക്കാം. അതിനാണ് സാധ്യത. കാരണം ഭരണം എല്ലാവര്ക്കും പ്രധാനമാണല്ലോ. എം എൻ വിജയൻ മാഷ് ചോദിച്ചതുപോലെ  ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും ആ കുട്ടി ചോദ്യം പിൻവലിച്ചാലും അതിന്റെ ഉള്ളടക്കം ക്‌ളാസിൽ തന്നെ നിലനിൽക്കുമല്ലോ. ഇവിടത്തെ തർക്കങ്ങൾ     അവരുടെ വീട്ടുകാര്യം സംബന്ധിച്ചൊന്നുമല്ലല്ലോ. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചല്ലേ ? അവർ പരസപരം പൊറുക്കുമ്പോളും ആ വിഷയങ്ങൾ നമ്മുടെ മുന്നിൽ തന്നെയില്ലേ ? ചാണ്ടിയുടെ രാജി ഇനിയും വൈകാതെയാക്കുന്നതിനുള്ള പ്രധാന കാരണമായി പൊതു സമൂഹം വിശ്വസിക്കുന്നത് നവ. 15നു നടന്ന മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിന്റെ ഫലമായാണ് എന്നാണു. സി പി ഐ മാത്രമല്ല തോമസ് ചാണ്ടിയും അങ്ങനെ തന്നെ വിശ്വസിക്കുന്നു. ഈ നടപടി വഴി കേരളീയ സമൂഹത്തിൽ സി പി ഐക്ക് വലിയ തോതിൽ പ്രതിച്ഛായ ഉയർന്നുവെന്ന വസ്തുതയും  ഉണ്ട്. സി പി എം നേതാക്കൾ ഒഴിച്ച് മറ്റെല്ലാവരും അങ്ങനെ കരുതുന്നു.

പണം വാരിവിതറിയ ചാണ്ടിയുടെ സുഖസൗകര്യങ്ങൾ അനുഭവിക്കാത്ത നേതാക്കളും ഉദ്യോഗസ്ഥരും ( ന്യായാധിപർ  വരെയും) കുറവാണെന്നു കേൾക്കുന്നു. അതിൽ കക്ഷി രാഷ്ട്രീയവ്യത്യാസമൊന്നും അദ്ദേഹം പരിഗണിക്കാറില്ല. താൻ നൽകിയ ഔദാര്യങ്ങളുടെ തെളിവുകൾ ചാണ്ടി കളയാതെ സൂക്ഷിച്ചു വക്കുന്നു എന്നത് തന്നെ അദ്ദേഹത്തിലെ ബിസിനസുകാരന്റെ കഴിവ് കാണിക്കുന്നു. അതുകൊണ്ടാണ് 2006 മുതൽ ഇദ്ദേഹം നടത്തിയ കയ്യേറ്റങ്ങളും നിയമലംഘനങ്ങളും  ആരുടെയും ശ്രദ്ധയിൽ പെടാതിരുന്നതും എന്ന് വ്യക്തം. ഇദ്ദേഹം ഭരണപ്രതിപക്ഷങ്ങളിൽ ഇരിക്കുമ്പോഴും ഇത് നടത്തിപ്പോന്നു. ആലപ്പുഴ നഗരസഭയിലും റവന്യു അടക്കമുള്ള ഒരു  നിർണായക വകുപ്പുകളിലും ഇദ്ദേഹത്തിനെതിരെ ശബ്ദിക്കാൻ ആരും ധൈര്യപ്പെട്ടില്ല. നഗരസഭ  നൽകിയ നികുതി ഇളവുകൾ ഭരണം മാറിയിട്ടും റദ്ദാക്കപ്പെട്ടില്ല. ഇദ്ദേഹത്തിന് ദോഷകരമായ ഫയലുകൾ അപ്രത്യക്ഷമാകുന്നതും ഇതൊക്കെ തന്നെ മൂലമാണ്. ഇദ്ദേഹത്തിന്റെ ഔദാര്യങ്ങൾ പറ്റാത്ത ചില പൊതുപ്രവർത്തകർ നടത്തിയ ഇടപെടലുകളെ അടിച്ചമര്തതാൻ  ഇദ്ദേഹത്തിന് കഴിഞ്ഞു. 2014ൽ ഇത് സംബന്ധിച്ച ഒരു ഹൈക്കോടതി വിധിയിൽ വസ്തുതകൾ പരിശോധിക്കാൻ റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തഹസിൽദാർ വസ്തുനിഷ്ഠമായി പരിശോധിച്ച് നിയമലംഘനങ്ങൾ റിപ്പോർട് ചെയ്തു. പക്ഷെ ആർ ഡി ഒയും അതിനു മീതെ അന്നത്തെ ജില്ലാ കളക്ടറും അതെല്ലാം മറച്ചു വച്ച് ചാണ്ടിയെ രക്ഷിച്ചു.രാഷ്ട്രീയനേതൃത്വങ്ങളും ( അന്ന് യു ഡി എഫ് ഭരണമായിരുന്നു) കണ്ണടച്ചു.

ഇപ്പോൾ ഈ വിഷയം ഉയർന്നു വന്നത് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ വഴിയാണ്. ഏഷ്യാനെറ്റ് ആരംഭിച്ച വെളിപ്പെടുത്തലുകൾ മറ്റുള്ളവർ ഏറ്റെടുത്തു. സി പി എം ചാനൽ ഒഴിച്ചെല്ലാവരും അതിനു പിന്തുണ നൽകി. പത്രങ്ങൾക്കും ഒഴിഞ്ഞു നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇപ്പോൾ ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് എടുക്കാൻ സി പി ഐയോ മറ്റുള്ളവരോ എത്ര ശ്രമിച്ചാലും ചില  സത്യങ്ങൾ ബാക്കിയാകും. ഇത്രയേറെ നിയമലംഘനങ്ങൾ അവിടെ നടന്നിട്ടും പഞ്ചായത്ത് – നഗരസഭ മുതൽ പാർലമെന്റ് തലം  വരെയുള്ള ഒരു ജനപ്രതിനിധിയും ഒരു രാഷ്ട്രീയപ്രവർത്തകനും അതൊന്നും കണ്ടിട്ടേയില്ലെന്നു പറഞ്ഞാൽ ആർ വിശ്വസിക്കും? ഇത്തരം വികസനങ്ങളെ യാതൊരു മ ടിയും കൂടാതെ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് സി പി എം നേതൃത്വം ഇന്നെത്തിയിട്ടുണ്.

ചാണ്ടിയുടെ റിസോർട് വിഷയത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം, മുന്നണി മര്യാദ , ഇടതു ഐക്യത്തിന്റെ സംസ്ഥാന ദേശീയ പ്രാധാന്യം തുടങ്ങിയവ ഉയർത്തിയാണ് സി പി ഐക്ക് നേരെ അവർ ആഞ്ഞടിക്കുന്നത് . പക്ഷെ ഇതൊന്നും തോമസ് ചാണ്ടിക്കും എൻ സി പിക്കും ബാധകമാണോ എന്നവർ പറയില്ല. ഈ വിഷയം പൊങ്ങി വന്നത് മുതൽ സി പി ഐക്ക് നേരെ കടുത്ത ആക്രമണമാണ് തോമസ് ചാണ്ടി നടത്തിവരുന്നത്  എന്ന് കാണാൻ പ്രയാസമില്ല. റവന്യു മന്ത്രി കളക്ടറെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയപ്പോൾ മുതൽ ഇതും തുടങ്ങുന്നു. പ്രാഥമിക റിപ്പോർട് വന്നപ്പോൾ തന്നെ മന്ത്രി നടത്തിയ നിയമലംഘനങ്ങൾ വ്യക്തമായിരുന്നു. പിന്നീട് സമ്പൂര്ണ റിപ്പോർട്ട് വന്നപ്പോൾ രോഷം കൂടി. സി പി ഐ നേതാവ് നയിച്ച ജാഥയിൽ പങ്കെടുത്തതുകൊണ്ട് ചെറുവിരൽ ഉയർത്തിക്കാട്ടി ചാണ്ടി നടത്തിയ പ്രകടനം നാം കണ്ടു. തുടർന്ന് സി പി ഐ ദേശീയനേതാവിനെ വരെ ചാണ്ടി അപഹസിച്ചു. കോടതിയിൽ കേസ് വന്നപ്പോൾ സർക്കാർ ഭാഗം വാദിക്കാൻ ചുമതലപ്പെട്ട സി പി ഐ നോമിനിയായ അഡിഷണൽ അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതും ചാണ്ടിയുടെ വാശി മൂലമെന്ന് വ്യക്തം. അഡ്വക്കറ്റ് ജനറൽ സി പി ഐയുടെ റവന്യു മന്ത്രിക്കെതിരെ നടത്തിയ ആക്രോശങ്ങളും നാം കേട്ടതാണ്. ഏറ്റവുമൊടുവിൽ  ഹൈക്കോടതിയിൽ  കൊടുത്ത കേസിൽ ചാണ്ടി പ്രത്യക്ഷമായി തന്നെ റവന്യു മന്ത്രിക്കെതിരെ ഹർജിയിൽ വിമര്ശനമുന്നയിച്ചു. രാജി സമ്മർദ്ദം വന്നപ്പോഴും രാജിക്ക് ശേഷവും സി പി ഐയെ ചാണ്ടിയും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും കടുത്ത ഭാഷയിൽ വിമർശിച്ചു. ഇതൊക്കെ നടക്കുമ്പോഴും മുഖ്യമന്ത്രിയോ സി പി എം നേതാക്കളോ മുന്നണി മര്യാദയുടെ കാര്യം ഓർത്തില്ലെന്നാണോ ?

അല്ല അവർ ഇതെല്ലാം ആസ്വദിക്കുകയായിരുന്നു. തങ്ങളുമായി ഏറ്റവും അടുപ്പമുള്ള കക്ഷിയെ പിണക്കിയാലും ഇത്തരം വികസനങ്ങളുമായി മുന്നോട്ടു പോകണമെന്ന് ഇവർ തീരുമാനിക്കുന്നത്? അതിൽ അഴിമതിക്കുള്ള പങ്കു ഇന്നാർക്കും വ്യക്തമാണ്. പക്ഷെ അതിനപ്പുറം വികസനം എന്നതിന്റെ നിർവചനം തന്നെ മൂലധനത്തിനും കമ്പോളത്തിനും അനുകൂലമായ ഒന്നാണെന്ന് ഇടതു പക്ഷവും കരുതുന്നു. ടുറിസത്തെ ഇത്ര മഹത്തായ വികസനമാണ് കാണുന്ന രീതി തന്നെ എത്രമാത്രം സുസ്ഥിരമാണ് എന്ന് പരിശോധിക്കണം. ഒന്നാം ലോകത്തിലേതു പോലുള്ള ടുറിസമല്ല ഇന്നാട്ടിൽ നടപ്പാക്കുന്നത്. അവിടെ നിലവിലുള്ള ഒന്നും നശിപ്പിക്കാതെ മാത്രമേ വിനോദ സഞ്ചാരികൾക്കു സൗകര്യമൊരുക്കൂ. എന്നാൽ ഇവിടെ മാലയും കാറ്റും മണ്ണും കടലും നദികളും കാലാവസ്ഥയുമെല്ലാം തകർക്കുന്ന ടുറിസമാണ് വരുന്നത്.ചാണ്ടിയുടെ റിസോർട്ട് മാത്രമല്ല, അൻവറിന്റെ പാർക്കും മൂന്നാറും വൈപ്പിനിലെ കായൽ നികത്തിപ്പണിയുന്ന കൺവെൻഷൻ സെന്ററും ആക്കുളത്തെ മാലിന്യവുമെല്ലാം ഇതിന്റെ ഫലങ്ങളാണ്.

മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നപ്പോൾ മാത്രമാണ് എന്തെങ്കിലും നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഇവരെക്കാളെല്ലാം ശക്തമായി പ്രവർത്തിച്ചത് ആലപ്പുഴ ജില്ലാ കലക്ടറാണ്. മുമ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന കൊണ്ട് വമ്പന്മാരെ നേരിട്ട് സ്വന്തം ശേഷിയും നിശ്ചയദാർഢ്യവും തെളിയിച്ച അനുപമ എന്ന കളക്ടർ ഇവിടെയും സത്യം മാത്രം നിർഭയമായി കണ്ടെത്തി റിപ്പോർട് ചെയ്യുകയാണുണ്ടായത്. പുതു തലമുറയിൽ കുറേപ്പേരെങ്കിലും സിവിൽ സർവീസ് പരീക്ഷപാസായി സത്യസന്ധമായി തൊഴിൽ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. മുൻ ദേവികുളം  സബ് കളക്ടർ ശ്രീറാമിനെ പറ്റി ഏറെ നാം കേട്ടതാണ്. അതിനേക്കാൾ ശക്തമായി ഇടപെട്ട ഫോർട്ട് കൊച്ചി സബ്കലക്ടർ സ്ഥാനത്ത് നിന്നും മാറിയപ്പോഴാണ് അവർ ചെയ്ത പ്രവർത്തനങ്ങൾ നാം അറിഞ്ഞത്. ശ്രീറാമിന് പകരം ഇപ്പോൾ ദേവികുളത്തെത്തിയ സബ് കളക്ടർ പ്രേംകുമാറും ധീരമായി മുന്നോട്ടു പോകുന്നു എന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. അദ്ദേഹത്തിനെതിരെയും അപായമണികൾ അടിച്ചു തുടങ്ങിയിരിക്കുന്നു.

വലതുപക്ഷത്തെ നമുക്ക് വിട്ടു കളയാം . അവർ അങ്ങനെയാണ്. പക്ഷെ ഇടതെന്നു പറയുന്നവരോ? ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗാഡ്ഗിൽ കസ്തുരിരംഗൻ വിരുദ്ധവികാരം ആളിക്കത്തിച്ചുകൊണ്ട് മതനേതാക്കളുടെ ആശീർവാദത്തോടെ വിജയിപ്പിച്ചു ഇടുക്കി സീറ്റ് പിടിക്കുകയായിരുന്നു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്രരായി മത്സരിപ്പിച്ച പലരെയും പറ്റി അതിശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻകാലങ്ങളിലെ ഇടതുപക്ഷം ചില സ്വാതന്ത്രത്തെ നിർത്തി വിജയിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് പറഞ്ഞ ന്യായം. പക്ഷെ അവർ ആരൊക്കെയായിരുന്നു? പിന്നീട് സുപ്രീം കോടതി ന്യായാധിപനായി ഉയർന്ന വി.ആർ. കൃഷ്ണയ്യർ, ജോസഫ് മുണ്ടശ്ശേരി, ഡോക്ടർ എ.ആർ.മേനോൻ, പിന്നീട് എം. കെ സാനുമാഷ് … ഈ പട്ടികയിൽ പെട്ടവരുടെ ഗുണഗങ്ങളുമായി താരതമ്യം ചെയ്‌താൽ ഇപ്പോഴത്തെ സ്വതന്ത്രർ ഇവിടെ നിൽക്കും?    ഇവരൊക്കെ കേവലം സമ്പന്നരാണെന്നതല്ല  വിഷയം. അവരുടെയൊക്കെ സമ്പാദ്യത്തിന്റെ പിന്നാമ്പുറങ്ങൾ അത്ര ശുഭകരമല്ലെന്നാണ് ആരോപണമുയർന്നത്. അവരെല്ലാം തന്നെ ഇപ്പോൾ സ്വന്തം കുഴി തോണ്ടുന്നു. ഇതിനെതിരെ ശബ്ദിക്കാൻ സി പി ഐ ശ്രമിക്കുമ്പോൾ അത് മുന്നണിമര്യാദയുടെ ലംഘനമാണെന്ന് പറയുന്നവർ ഏതു മുന്നണിയെക്കുറിച്ചാണ് സംസാരിക്കുന്നതു.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment