Scrollup

 

എറണകുളം
2019 ഏപ്രില്‍ 5

പത്രക്കുറിപ്പ്

2019 ലെ പൊതു തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടി കേരളാ ഘടകത്തിൻ്റെ നിലപാട് :
( ദേശീയ നേതൃത്വത്തിൻ്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കുന്നത്)
  • എല്ലാ  മണ്ഡലങ്ങളിലും NDA സഖ്യത്തിൻ്റെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കും. കേരളത്തില്‍ പാര്‍ട്ടി മത്സരിക്കുന്നില്ല. ശക്തമായ അടിത്തറയുള്ള, ജയിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ പാര്‍ടി മത്സരിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചത് മതേതര വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്.  

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട, ഒരു പക്ഷെ ഒരേയൊരു വിഷയമായി വരുന്നത് കേന്ദ്രത്തിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന മോഡി നയിക്കുന്ന എൻ ഡി എ യുടെ ഭരണം തുടരണമോ വേണ്ടയോ എന്നതാണ്. അഖിലേന്ത്യ തലത്തിൽ നോക്കിയാൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വളരെ വലുതാണ്. ജനാധിപത്യവും മതേതരത്വവും ഫെഡറൽ ഘടനയും ഭരണഘടനയും അതിൻ്റെ സ്ഥാപനങ്ങളായ സുപ്രീം കോടതിയും റിസർവ്വ് ബാങ്കും സിബിഐയും തെരഞ്ഞെടുപ്പ് കമ്മീഷനുമടക്കം ഇന്ന് സംശയത്തിൻ്റെ നിഴലിൽ ആണ്. ഇവയെ ഒക്കെ നിർവ്വീര്യമാക്കിക്കൊണ്ട് ഒരു ഭരണം കൊണ്ട് വരാൻ ശ്രമിക്കുന്ന ഇന്നത്തെ ഭരണകക്ഷി ഒരിക്കൽ കൂടി ജയിച്ചാൽ ഇനി ഒരു പക്ഷെ ഒരു തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോ എന്ന സംശയം വലിയൊരു വിഭാഗം ജനങ്ങൾക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ജനാധിപത്യത്തിൻ്റെ സംരക്ഷണം തന്നെയാണ്. ജനങ്ങൾക്കിടയിൽ പരസ്പരം സ്പർദ്ധ വളർത്തിക്കൊണ്ട് മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് തിരിച്ചടി നൽകിയേ മതിയാകൂ എന്ന് ആം ആദ്മി പാർട്ടി ഉറച്ചു വിശ്വസിക്കുന്നു.

2014 ലെ തെരഞ്ഞെടുപ്പിൽ കേവലം മൂന്നിലൊന്നു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ച ഇവർക്ക് ലോകസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനുള്ള ഒരേ ഒരു കാരണം എതിർപക്ഷം ഭിന്നിച്ചതാണ് എന്ന് ലളിതമായ കണക്കുകൾ വച്ച് കൊണ്ട് തന്നെ പറയാം. ഇക്കാര്യം മിക്കവാറും എല്ലാ പ്രതിപക്ഷ കക്ഷികളും പരസ്യമായി സമ്മതിക്കുന്നുണ്ട്. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനു വേണ്ടി ഏത് വിട്ടുവീഴ്ചക്കും തയ്യാറായ ഏക കക്ഷി ആം ആദ്മി പാര്‍ട്ടി മാത്രമാണ്. തലസ്ഥാന സംസ്ഥാനമായ ദില്ലി തന്നെ ഒരു നല്ല ഉദാഹരണം. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴു സീറ്റുകളിലും വിജയിച്ചത് ബിജെപി ആണ്. അതിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ എഴുപത്തിൽ അറുപത്തേഴു സീറ്റും നേടിക്കൊണ്ട് ആം ആദ്മി പാർട്ടി അധികാരത്തിലെത്തി. കോൺഗ്രസിന് ഒരു സീറ്റുപോലും കിട്ടിയില്ല. വീണ്ടും ലോകസഭാതെരഞ്ഞെടുപ്പു വരുമ്പോൾ ദില്ലിയിലെ എല്ലാ സീറ്റുകളും പിടിക്കാൻ ആം ആദ്മി പാർട്ടിയും ആഗ്രഹിക്കും. ചിലപ്പോൾ അതിനു കഴിയുകയും ചെയ്യാം. പക്ഷെ അവിടത്തെ യാഥാർഥ്യം മനസ്സിലാക്കുകയും ശക്തമായ സംഘടനാ അടിത്തറയും വോട്ടും  , കേന്ദ്ര ഭരണത്തിൻ്റെ പിൻബലവുമുള്ള ബിജെപി ക്കു ഒരു സീറ്റുപോലും കിട്ടില്ലെന്ന്‌ ഉറപ്പാക്കണമെങ്കിൽ കോൺഗ്രസുമായി സഹകരിക്കണം എന്ന് ആം ആദ്മി പാർട്ടി കരുതുന്നു. രാഷ്ട്രീയമായും മറ്റു രീതിയിലും കോൺഗ്രസുമായി ഏറെ വൈരുദ്ധ്യമുള്ള കക്ഷിയാണ് ആം ആദ്മി. കോൺഗ്രസിൻ്റെ അഴിമതിക്കെതിരായി പോരാടിക്കൊണ്ടാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അതെല്ലാം പിന്തള്ളിക്കൊണ്ട് കോൺഗ്രസിന് അവർ അർഹിക്കുന്നതിനേക്കാൾ കൂടുതൽ വിഹിതം നൽകാൻ പാർട്ടി തയാറായി. പക്ഷെ അവിടെ കോൺഗ്രസിൻ്റെ പ്രാദേശിക നേതൃത്വം എടുത്ത നിലപാടെന്താണ്? രാഹുൽ ഗാന്ധി ഇടപെട്ടിട്ടു പോലും ആ സഖ്യം നടപ്പിലായിട്ടില്ല. ഒറ്റയ്ക്കാണെങ്കില്‍ മത്സരിക്കേണ്ടതില്ല എന്നാണു ദില്ലി കോഗ്രസിൻ്റെ മുന്‍ അധ്യക്ഷന്‍ അജയ് മാക്കാന്‍ തന്നെ പറയുന്നത് എന്നും നമുക്കറിയാം. അടുത്ത വർഷം വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ദോഷം വരുമെന്നതാണ് അവരുടെ നിലപാട്. ദില്ലിയിൽ ബിജെപിയെ നിലം പരിശാക്കാൻ കഴിഞ്ഞാൽ അതിൻ്റെ ഏറ്റവും വലിയ നേട്ടം കോൺഗ്രസിനാണ് എന്ന പ്രാഥമിക രാഷ്ട്രീയം പോലും മനസ്സിലാക്കാത്തവരല്ല ഈ പ്രാദേശികനേതാക്കൾ. പക്ഷെ അഴിമതിക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന ആം ആദ്മിയുടെ തോൽവിയാണു ബിജെപിയുടെ വിജയത്തേക്കാൾ കോൺഗ്രസ്സിലെ പല നേതാക്കളും  ഭയപ്പെടുന്നത് എന്നതല്ലേ സത്യം? ഇതേ സമീപനം തന്നെയാണ് ആം ആദ്മിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചാബ്, ഹരിയാന, ചാണ്ഡിഗഢ് ഗോവ തുടങ്ങിയ സംസ്ഥാങ്ങളിലും ഉള്ളത് അവിടുത്തെ കോൺഗ്രസ് ഘടകങ്ങളും സത്യം മനസ്സിലാക്കാൻ തയ്യാറാകുന്നില്ല

  • കേരളത്തില്‍ ഒരു മുന്നണിയെയും ആം ആദ്മി പാര്‍ട്ടി പിന്തുണക്കുന്നില്ല. അതതു മണ്ഡലങ്ങളിലെ അവസ്ഥ വിലയിരുത്തി സംഘപരിവാരിനെതിരെ വിജയം നേടാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതാണ്.

കേരളത്തിൽ സാഹചര്യം കുറച്ചു വ്യത്യസ്തമാണ്. ഇവിടെ ജയിക്കാൻ കഴിയുമെന്ന് സംഘപരിവാർ തന്നെ പറയുന്നത് ഒന്നോ രണ്ടോ സീറ്റിൽ മാത്രമാണ്. ശബരിമല പോലെ ജനങ്ങളുടെ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടും അവരുടെ ആ ലക്‌ഷ്യം പോലും സാധ്യമാകുന്ന അവസ്ഥയില്ല. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ രണ്ടിനോടും കൃത്യമായ അഭിപ്രായവ്യത്യാസമുള്ള പാർട്ടിയാണ് ആം ആദ്മി. അഴിമതിയും കെടുകാര്യസ്ഥതും കൊണ്ട് എത്രമാത്രം വിനാശകരമാണ് എന്ന് ഉമ്മൻ ചാണ്ടി ഭരണകാലത്ത് തെളിയിച്ചവരാണ് യുഡിഎഫ് എങ്കിൽ ധാർഷ്ട്യവും അക്രമരാഷ്ട്രീയവും പരിസ്ഥിക്കും ജനങ്ങൾക്കും അങ്ങേയറ്റം ദ്രോഹകരമാകുന്ന വികസനങ്ങളും കൊണ്ട് ജനങ്ങളെ വെറുപ്പിച്ചിരിക്കുകയാണ് എൽ ഡി എഫ്. സ്ഥാനാർഥി നിർണ്ണയത്തില്‍തന്നെ  ജനങ്ങളെ അവർ വെല്ലു വിളിക്കുന്നു. കൊലക്കേസിൽ പ്രതിയും ഇന്നും അക്രമരാഷ്ട്രീയത്തെ ന്യായീകരിക്കുന്ന വ്യക്തിയുമായി പി ജയരാജനെ വടകരയിലും വനവും ജലസ്രോതസ്സുകളും നശിപ്പിച്ചു എന്ന് ഈ സർക്കാരിന് തന്നെ ബോധ്യപ്പെട്ട പിവി അൻവറിനെ പൊന്നാനിയിലും സ്ത്രീവിരുദ്ധനിലപാടുകൊണ്ട് തന്നെ കുപ്രസിദ്ധനും ഒരു എം പി എന്ന നിലയിൽ ദയനീയമായി പരാജയമെന്ന് തെളിഞ്ഞതുമായ ഇന്നസെന്റിനെ ചാലക്കുടിയിലും ആദിവാസികളറുടെതടക്കം ഭൂമി കയ്യേറ്റം കേസിൽ പ്രതിയും എല്ലാ വിധ പാരിസ്ഥിതികനിയമങ്ങളെയും അവഗണിക്കുന്ന ജോയ്‌സ് ജോർജിനെ ഇടുക്കിയിലും സ്ഥാനാർത്ഥിയാക്കാൻ അവർ ധൈര്യം കാണിക്കുന്നത് തന്നെ ജനങ്ങളോടുള്ള ധാർഷ്ട്യത്തിനു തെളിവാണ്. അതുകൊണ്ട് തന്നെ സംഘപരിവാറിൻ്റെ സ്ഥാനാർത്ഥികൾക്ക് യാതൊരു വിജയ സാധ്യതയുമില്ലെന്നുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ യോഗ്യത കണക്കിലെടുത്ത് പിന്തുണക്കുന്നതാണ്.

കേരളത്തിൻ്റെ സാഹചര്യത്തിൽ അക്രമരാഷ്ട്രീയം വ്യാപകമായിക്കൊണ്ടിരിക്കുന്നു. സംഘപരിവാറിനെ  നേരിടാൻ ഹിംസ അനിവാര്യമാണെന്ന സിപിഎം വാദം അംഗീകരിക്കാൻ കഴിയില്ല. അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ ബിജെപിയെ നേരിട്ട് വെല്ലുവിളിക്കുകയും വലിയ തോതിൽ  തോൽപ്പിക്കുകയും ചെയ്തു. അതിൻ്റെ പ്രതികാരമായി നിരവധി കള്ളക്കേസുകൾ ആം ആദ്മി നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പോലീസിനെക്കൊണ്ട് എടുപ്പിച്ചു. സംസ്ഥാന സർക്കാരിനെ ഞെരുക്കിക്കൊല്ലാൻ പലവട്ടം ശ്രമിച്ചു. എന്നിട്ടും അവർക്കെതിരെ ഒരു വിധ അക്രമങ്ങളോ ഹർത്താലുകളോ ഇല്ലാതെ ജനാധിപത്യപരമായി നിയമത്തിൻ്റെ വഴിയിലൂടെ ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നു.

  • അഴിമതിക്കെതിരായി വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന പാർട്ടി എന്ന നിലയിൽ അഴിമതിക്കേസുകളിൽ പെട്ടവരെ പിന്തുണക്കുകയില്ല.
  • അക്രമരാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവരെ പാര്‍ട്ടി പിന്തുണക്കുകയില്ല.
  • സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ പാര്‍ട്ടി   പിന്തുണക്കുകയില്ല.
  • ഏതെങ്കിലും മുന്നണി സ്ഥാനാര്ഥികൾക്കോ  പാര്‍ട്ടികള്‍ക്കോ ഒപ്പം ആം ആദ്മി നേതാക്കള്‍ വേദി പങ്കിടുകയില്ല.
  • സംഘപരിവാരിനെതിരായി സ്വന്തം നിലയില്‍ പ്രചരണം നടത്തുന്നതാണ്.

സി.ആര്‍ നീലകണ്ഠന്‍,
സംസ്ഥാന്‍ കണ്‍വീനര്‍

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

Leave a Comment