Scrollup

ജനകീയസമരങ്ങളെ തകർക്കാനുള്ള ന്യായീകരണങ്ങൾ

-സി ആർ നീലകണ്ഠൻ

ജനകീയ സമരങ്ങളോടുള്ള സർക്കാർ സമീപനം കുറച്ചു കാലമായി പൊതുസമൂഹത്തിൽ ഒരു പ്രധാനചർച്ചാവിഷയമാണ്. നാടിന്റെ വിവിധഭാഗങ്ങളിലായ് ഒട്ടനവധി സമരങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി . മാറി മാറി അധികാരത്തിലെത്തുന്ന കേരളത്തിലെ സർക്കാരുകൾ ഈ സമരങ്ങളോടെടുക്കുന്ന സമീപനം എന്താണ് ? പൊതുവായി പറഞ്ഞാൽ പ്രതിപക്ഷത്തുള്ളവർ സമരങ്ങളെ പിന്താങ്ങും. ഭരണപക്ഷം ശക്തമായി എതിർക്കും.എന്നാൽ ഇടതു വലതുപക്ഷങ്ങളിലെ ചില വ്യക്തികളും ഗ്രൂപ്പുകളും എല്ലാ സമരങ്ങളെയും  പിന്താങ്ങും. ഈ സമരങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? ഏതെല്ലാം വിഷയങ്ങളിലാണ് ഇവ ഉയർന്നുവരുന്നത്? ആരാണ് ഇതിന്റെ നേതൃത്വങ്ങളിൽ വരുന്നത്? എങ്ങനെ ഇവ മുന്നോട്ടു പോകുന്നു? സമരങ്ങളെ നേരിടാൻ സർക്കാരുകളും കക്ഷികളും സ്വീകരിക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയാണ്? ഇതെല്ലാമാണ് ഈ ലേഖനത്തിന്റെ വിഷയങ്ങൾ.

രണ്ടര പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ നാട്ടിലെ ജനകീയ പ്രശ്ങ്ങളെല്ലാം ഏറ്റെടുത്ത് അവക്ക് പരിഹാരം കണ്ടിരുന്നത് മുഖ്യധാരാ രാഷ്ട്രീയകക്ഷികളാണ്. അതിൽ തന്നെ ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കയ്യുണ്ടായിരുന്നു. ഭരിക്കുന്നത് ആരെന്നു നോക്കാതെ തന്നെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അവർ ശ്രമിച്ചിരുന്നു. അത് വലതുപക്ഷത്തേക്കാൾ അവരുടെ വിശ്വാസ്യത ഉയർത്തുകയും ചെയ്തു. മിക്കപ്പോഴും വലതുപക്ഷത്തെ പലരും അഴിമതിയുമായി ബന്ധപ്പെട്ടിരുന്നതിനാലും സമൂഹത്തിലെ ഉന്നതവിഭാഗക്കാർ അവരുടെ പക്ഷത്തതായിരുന്നു എന്നതിനാലും ഇടതുപക്ഷം സ്വാഭാവികമായും ജനപക്ഷമെന്നു അറിയപ്പെട്ടിരുന്നു. എന്നാൽ 1990 കളോടെ സ്ഥിതിഗതികൾ മാറി. ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവൽക്കരണം മുതലായവ പൊതുനയങ്ങളായി. തത്വത്തിൽ ഇവക്കെതിരെ ഇടതുപക്ഷം നിലപാടെടുക്കുമെങ്കിലും ഭരണകക്ഷിയാകുമ്പോൾ അവരും ഇതേ നയങ്ങളുടെ നടത്തിപ്പുകാരായി ഏറിയും കുറഞ്ഞും അവരും മാറി. അതിനേക്കാൾ പ്രശ്നമായത് വ്യക്തികൾ എന്നനിലയിൽ സമൂഹത്തിനാകെയും രാഷ്ട്രീയപ്രവർത്തകരിലും ഉണ്ടായ മാറ്റങ്ങളാണ്.കമ്പോളം അതിന്റെ സമ്പൂർണ ആധിപത്യം ഇവരിലെല്ലാം സ്ഥാപിച്ചു. സോവിയറ്റു യൂണിയൻ അടക്കമുള്ള രാജ്യങ്ങളുടെ പതനവും മറ്റും സോഷ്യലിസം എന്ന ആശയത്തിലുള്ള വിശ്വാസം അകമേ തകർത്തു. സ്വകാര്യസ്വത്ത് കുന്നു കൂട്ടുക, എല്ലാവിധ സുഖ സൗകര്യങ്ങളും ആസ്വദിക്കുക മുതലായവ ഒരു തെറ്റല്ലെന്ന അവസ്ഥയായി, തീവ്ര ഇടതുപക്ഷക്കാർക്കുപോലും. അത് വ്യക്തമായും അഴിമതിക്കുള്ള വഴി തുറക്കലായിരുന്നു. അനീതി കണ്ടാൽ കണ്ണടച്ചാൽ തന്നെ അത് അഴിമതിയായി.

മൂലധനത്തിന്റെ സ്വതന്ത്രമായ വ്യാപനത്തിന് വേണ്ടി എല്ലാ വിധ നിയന്ത്രണങ്ങളും മാറ്റുക എന്നതായി പൊതു നയം. പ്രകൃതി മനുഷ്യവിഭവങ്ങളെ കൊള്ളയടിച്ചു അതിവേഗം ലാഭമുണ്ടാക്കുക എന്ന തന്ത്രമാണ് മൂലധനം പയറ്റുന്നത്. ഭരണകൂടങ്ങൾ ഇവരുടെ ഉറ്റ ചങ്ങാതിമാരായി. മുതലാളിത്തത്തിന്റെ സ്വഭാവത്തിൽ വണ്ണമാറ്റവും ശ്രദ്ധേയമാണ്. പെട്ടന്ന് പരമാവധി ലാഭം എന്ന രീതിയിലേക്ക് അവർ മാറി. പ്രകൃതി വിഭവങ്ങളുടെ കൊലക്കു തടസ്സമാകുന്ന നിയമങ്ങൾ, വിശേഷിച്ചും പരിസ്ഥതി സംരക്ഷണ നിയമങ്ങൾ വ്യാപകമായി ലംഘിക്കാൻ തുടങ്ങി. അതിനെതിരായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കേവലം നോക്കുകുത്തികളാക്കി മാറ്റി. ഇതിനു രാഷ്ട്രീയ നേതൃത്വങ്ങൾ പൂർണ പിന്തുണ നൽകി. സമ്പന്നന്റെ ലാഭത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളെ വികസനമെന്ന വിളിച്ചു. സാധാരണക്കാരുടെ മണ്ണും വെള്ളവും തൊഴിലും ആവാസവ്യവസ്ഥയും കൊള്ളയടിക്കാൻ ഇവർക്ക് ഭരണകൂടങ്ങൾ ഒത്താശചെയ്തുകൊടുത്തു. ജനങ്ങൾക്ക് മേൽ വലിയ ഭാരം വരുത്തുന്ന നയങ്ങൾ വികസനത്തിന്റെ പേരിൽ നടപ്പിലാക്കി.ഇതിനെതിരെ ആദ്യകാല പ്രതിരോധം തീർത്തും ദുര്ബലമായിരുന്നു. മുഖ്യധാരകക്ഷികളിൽ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസം പതുക്കെ തകരാൻ തുടങ്ങായി. ഓരോ പ്രദേശത്തെയും ജനങ്ങൾ സ്വയം സംഘടിച്ചു പ്രതിരോധിക്കാൻ തുടങ്ങി. ആദ്യം ഇവയെല്ലാം അവഗണിക്കപ്പെട്ടു. തങ്ങളുടെ നയങ്ങളെ സ്വാധീനിക്കാൻ ഈ സമരങ്ങൾക്ക് കഴിയില്ലെന്ന് രാഷ്ട്രീയകക്ഷികൾ കരുതി. ഈ സമരങ്ങൾക്ക് ശക്തരായ നേതാക്കളില്ല. സാമ്പത്തിക പിൻബലമില്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ പിന്തുണയും കാര്യമായി കിട്ടിയില്ല. എന്നാൽ പിന്നീട് ഈ അവസ്ഥ മാറി. ഈ സമരങ്ങളിൽ നിന്ന് തന്നെ ശക്തമായ നേതൃത്വങ്ങൾ ഉയർന്നു വന്നു. അവരിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടായി. ദുരിതങ്ങൾ നേരിട്ടനുഭവിക്കുന്നവരാണ് സമരത്തിനെത്തുന്നതെന്നതിനാൽ ഒരു തരാം വിട്ടു വീഴ്ചക്കും ഒത്തു തീർപ്പിനും അവർ തയ്യാറായില്ല. നാളിതുവരെ നാം കണ്ട സമരങ്ങൾക്ക് നേതൃത്വം നൽകിയവരിൽ  നിന്നും ഈ പുതിയ നേതാക്കൾ വ്യത്യസ്തരായിരുന്നു. ഇവർ പണ്ഡിതരോ ഉജ്വല വാഗ്മികളോ ആയിരുന്നില്ല. മറിച്ച് തങ്ങൾ അനുഭവിക്കുന്ന ദുരന്തത്തിൽ നിന്നും മോചനം കിട്ടാതെ പിൻവാങ്ങില്ലെന്ന ഉറപ്പു അവർക്കുണ്ടായിരുന്നു.

ഈ ലേഖകന് തന്നെ നേരിട്ട് ഇടപെടാൻ അവസരം കിട്ടിയ ഇരുനൂറിലേറെ സമരങ്ങൾ ഉണ്ട്. പൊതുസ്വഭാവം കാണിക്കുന്നതിനായി അവയിൽ ചിലതു മാത്രം ഇവിടെ പരാമര്ശിക്കുന്നുന്നു. കേരളത്തിലാണവനിലയങ്ങൾ സ്ഥാപിക്കാൻ  കണ്ണൂർ ജില്ലയിലെ പെരിങ്ങോമിലും എറണാകുളം ജില്ലയിലെ ഭൂതത്താൻ കെട്ടിലും സ്ഥലപരിശോധന നടക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ അവക്കെതിരെ പ്രാദേശിക കൂട്ടായ്മകൾ രൂപപ്പെട്ടു.മുഖ്യധാരകക്ഷികൾ വികസനവിരുദ്ധരെന്ന മുഖമുദ്ര ഭയന്ന് ഒന്നും മിണ്ടാതെ നിന്ന്. പക്ഷെ പ്രതിരോധം ശക്തമായപ്പോൾ തങ്ങളുടെ നാട്ടിൽ ഇത് വേണ്ട എന്ന നിലപാടിലേക്ക് എല്ലാവരും എത്തി. കണ്ണൂർ ജില്ലയിലെ ഇറിനാവിൽ എൻ റോൺ എന്ന ബഹുരാഷ്ട്രകമ്പനിയുടെ താപനിലയം സ്ഥാപിക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ അതിനു അന്നത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്ത് നിന്നും പിന്തുണ കിട്ടി. എതിർപക്ഷം എന്ത് ചെയ്യണമെന്നറിയാതെ നിലകൊണ്ടപ്പോൾ പൊതു സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പ് വന്നു. ഒടുവിൽ അതും ഉപേക്ഷിക്കപ്പെട്ടു. അനധികൃതമായ ഖനനം, കണ്ടൽക്കാറ്റുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കൽ, റിസോർട്ടുകളുടെ മറവിൽ മലയോരവും തീരദേശവും കയ്യേറൽ തുടങ്ങിയവക്കെതിരെയും ചെറിയ പോരാട്ടങ്ങൾ അവിടവിടെ നടന്നിരുന്നു. എന്നാൽ ഈ സമരങ്ങളുടെ പൊതു രൂപം കൈക്കൊണ്ടത് പ്ലാച്ചിമടയിലാരുന്നു. കൊക്കകോള  എന്ന ബഹുരാഷ്ട്രഭീമൻ ഒരു നാടിന്റെ ജീവജലം ഊറ്റിയെടുത്ത് കുപ്പിയിലാക്കി വിൽക്കുന്ന ഒരു ഫാക്ടറി സ്ഥാപിക്കാൻ അനുമതി ചോദിച്ചപ്പോൾ അതിൽ ഒരു തെറ്റും മുഖ്യധാരാ കക്ഷികളോ ഭരണകൂടമോ കണ്ടില്ല. തീർത്തും പിന്നോക്കമായ ഒരു നാട്ടിലെ ജനങ്ങൾക്ക് ഇത് നൽകിയ ദുരിതങ്ങൾക്കെതിരെ സമരം ചെയ്യുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ഭാഗിക സാക്ഷരരോ നിരക്ഷരരോ ആയ ഒരു ജനത ആരംഭിച്ച ആ പോരാട്ടമാണ് പിന്നീട് നടന്ന മുഴുവൻ ജനകീയ സമരങ്ങൾക്കും പാഠശാലയായത് എന്ന് പറയാം. തുടക്കത്തിൽ എതിർത്തുനിന്നവരും സംശയിച്ചു നിന്നവരുമായ മുഖ്യധാരയിലെ ഏതാണ്ടെല്ലാ കക്ഷികൾക്കും പിന്നീട് ആ സമരപ്പന്തലിൽ എത്തേണ്ടി വന്നു.കോടതി ഭാഗികമായി അനുമതി നൽകിയിട്ടും ആ കോളക്കമ്പനിക്കു അവിടം വിട്ടു പോരേണ്ടി വന്നത് ജനകീയ സമരം കൊണ്ടാണ്.കേരളത്തെ ജലത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചത് ആ സമരമാണ്.

പിന്നീട് നാം കാണുന്നത് സമരങ്ങളുടെ കുത്തോഴുക്കാണ്. കേരളവികസനമാതൃക എന്നതിന്റെ ദൗർബല്യങ്ങൾ കൃത്യമായി തുറന്നു കാട്ടുന്നവയായിരുന്നു പല സമരങ്ങളും എന്ന് പറയാം. ഭൂമിയുടെ നിയമപരവും ധാർമികവുമായ അവകാശികളായ ആദിവാസികൾ മുത്തങ്ങയിൽ നടത്തിയ പോരാട്ടങ്ങൾ ഇതിൽ പ്രധാനമായ ഒന്നായിരുന്നു. ഭൂപരിഷ്കരണത്തിലെ അപാകതകൾ തുറന്നു കാട്ടിക്കൊണ്ടും അത് കേരളത്തിന്റെ സാമൂഹ്യപാരിസ്ഥിതിക സാംസ്കാരിക മണ്ഡലത്തിലുണ്ടാക്കിയ ഏങ്കോണിപ്പുകളെ വ്യക്തമാക്കിക്കൊണ്ടും ചെങ്ങറയിൽ ദളിത് നേതൃത്വത്തിൽ നടന്ന സമരം ദിശാസൂചകമായിരുന്നു. ഇതിനിടയിൽ എക്സ്പ്രസ്സ് ഹൈവേ, ആലപ്പുഴ തീരത്തെ കരിമണൽ ഖനനം എന്നിവക്കെതിരെ യു ഡി എഫ് ഭരണകാലത്തു നടന്ന സമരങ്ങളിൽ പോലും ഇടതുപക്ഷം ഭാഗികമായും മാറ്റിച്ചു മടിച്ചുമാണ് പങ്കെടുത്തത്. സ്‌പേസ് ഹൈവേയും ഖനനവും  അതെ രൂപത്തിൽ വേണമെന്ന അഭിപ്രായമുള്ളവർ ഇടതു മുന്നണിയിലും ഉണ്ടായിരുന്നു ഇന്നും ഉണ്ട്. വീണ്ടും ഇടതു ഭരണം വന്നപ്പോഴും സമരങ്ങൾ നടന്നുകൊണ്ടിരുന്നു. നഗര മാലിന്യങ്ങൾ ഗ്രാമങ്ങളിൽ കൊണ്ടിടുന്നതിനെതിരെ കേരളത്തിന്റെ തെക്കുവടക്കു സമരങ്ങൾ വളർന്നു വന്നു. മാലിന്യസംസ്കരണം എന്ന നിയമപരമായ കടമ ശാസ്ത്രീയമായി നിർവഹിക്കാൻ ഒരു നഗരസഭക്കും കഴിഞ്ഞില്ലെന്ന യാഥാർഥ്യം ജനകീയാസൂത്രണം എന്ന സങ്കല്പത്തിന്റെ തന്നെ പൊള്ളത്തരം വെളിവാക്കി. വിളപ്പിൽശാല ആ സമരണങ്ങളിൽ ഏറ്റവും ശക്തമായ ഒന്നായിരുന്നു. ഒരു ഗ്രാമത്തിൽ മാലിന്യം കൊണ്ടിടാൻ ജനങ്ങൾ അനുവദിക്കാത്തതിനാൽ അവരെ നേരിടാൻ പട്ടാളത്തെ വിളിക്കണമെന്നാവശ്യപ്പെട്ട ഒരു ഇടതുപക്ഷ നാഗരാഅധ്യക്ഷ കേരളത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് പോലും പട്ടാളത്തെ നിയോഗിക്കുന്നത് ശരിയല്ലെന്ന് രാഷ്ട്രീയമായി പറയുന്ന ഇടതുപക്ഷം സമരങ്ങളോടെടുക്കുന്ന സമീപനം വെളിവാക്കപ്പെടുകയായിരുന്നു.അതി തീവ്ര ഇടതുപക്ഷമെന്ന വകാശപ്പെടുന്നവർ പോലും ഇത്തരം സമരങ്ങളെ പിന്താങ്ങാൻ മാറ്റിച്ചു നിന്ന്. ഇവയൊക്കെ എൻ ജി ഓ സമരങ്ങളാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.അതൊക്കെ പിന്നീട് മാറി എന്നത് മറ്റൊരു കാര്യം. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ രംഗത്തിറങ്ങിയപ്പോൾ അതിനെതിരെ ഉയർന്നുവന്ന സമരത്തിന് പിന്നിൽ മുഖ്യധാരകക്ഷികൾ ഉറച്ചു നിന്നു എന്നും കാണാം.അതിന്റെ താല്പര്യം വ്യക്തമാണല്ലോ.

ഇടതുഭരണകാലത്ത് കിനാലൂരിൽ നടന്ന സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ നടത്തിയ ശ്രമങ്ങൾ നമുക്കറിയാം. ദേശീയ പാത സ്വകാര്യവൽക്കർക്കുകയും അതിനു ഭീമമായ ടോൾ ഏർപ്പെടുത്തുകയും ചെയ്തപ്പോഴും ഇടതുപക്ഷം മിണ്ടിയില്ല. ആ ടോൾ റോഡിനു വേണ്ടി പതിനായിരക്കണക്കിന് കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുന്ന പദ്ധതിക്കെതിരെ അതിശക്തമായ സമരങ്ങൾ നടന്നു വരുന്നു. ഇവിടെയും ഇടതു പക്ഷമടക്കമുള്ളവരുടെ നിലപാട് ജനവിരുദ്ധമാണ്, വികസനപക്ഷമാണ്. അതിവേഗ റെയിൽ കോറിഡോർ പദ്ധതിയെ പറ്റി വ്യക്തമായ നിലപാട് ഇടതു വലതുപക്ഷങ്ങൾക്കില്ല. പക്ഷെ വികസനവാദികളായ ചില റിട്ടയേർഡ് ഉദ്യോഗസ്ഥർ കോടികൾ ചിലവഴിച്ചു ഇപ്പോഴും അത് കൊണ്ട് വരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗെയിൽ പൈപ്പ് ലെയിൻ സമരം അതിരൂക്ഷമായ ഒരുഘട്ടത്തിലാണ് ഇതെഴുതുന്നത്. അതിലെ ഇടതുപക്ഷ തകിടം മറിച്ചിൽ നാം കാണുന്നു. തങ്ങൾ പ്രതിപക്ഷത്തതായിരുന്നപ്പോൾ വാതകബോംബായിരുന്ന വാതകക്കുഴൽ ഇപ്പോൾ അപകടരഹിതമായതെങ്ങനെ എന്ന് അവർക്കു വിശദീകരിക്കാൻ കഴിയുന്നില്ല.പകരം ഭരണകൂടത്തിന്റെ പോലീസ് ശക്തി ഉപയോഗിച്ച് ആ സമരക്കാരെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. പുതുവൈപ്പിലെ ഐ ഓ സി സംഭരണിക്കെതിരായ സമരത്തിൽ പ്രാദേശികമായി ഇടതുപക്ഷ ജനപ്രതിനിധികളടക്കം സമരത്തിനൊപ്പം നിൽക്കുമ്പോഴും അതിനെ ചോരയിൽ മുക്കിക്കൊല്ലാൻ ഇവർ നെത്തിയ ശ്രമം വളരെ അടുത്തുണ്ടായതാണ്.

പാറമടകൾ ഇന്ന് പ്രാദേശികമായും സംസ്ഥാനതലത്തിലും അഴിമതിയുടെ വലിയൊരു സ്വർണ്ണഖനിയാണ്. എല്ലാ വിധനിയമങ്ങളും- പരിസ്ഥിതി-റവന്യു-വനം-പഞ്ചയാത്ത് നിയമങ്ങളെല്ലാം- ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥരാഷ്ട്രീയ നേതൃത്വങ്ങളുടെ പിന് ബലത്തിലാണ്.സർക്കാരിന്റെ പോലീസും മാഫിയ ഗുണ്ടകളും ചേർന്ന് ജനങ്ങൾക്ക് മേൽ അഴിച്ചു വിടുന്ന അക്രമങ്ങൾ ചെറുതല്ല. മണൽ വാരൽ, പാഠം നികത്തൽ, മാളൂഇനീകരണം മുതലായവക്കെതിരായ സമരങ്ങളിലും ഇടതു വലതു പക്ഷങ്ങളെ കാണില്ല. അവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും മറുപക്ഷത്തായിരിക്കും. പെരിയാർ മലിനീകരിക്കുന്ന 250 ൽ പരം കമ്പനികൾക്കെതിരെ പോരാടുന്നവർക്കെതിരെയും ചാലക്കുടിപ്പുഴ നശിപ്പിക്കുന്ന കമണിക്കെതിരെയും ജനങ്ങൾ നടത്തുന്ന സമരങ്ങൾക്കെതിരെയും ഇടതുപക്ഷനിലപാട് പ്രസിദ്ധമാണ്.എന്നാൽ മുഖ്യധാരയിൽ നിലയുറപ്പിക്കുമ്പോഴും ഇത്തരം ജനകീയ സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന വി എസ് , വി എം സുധീരൻ തുടങ്ങിയ ഒറ്റപ്പെട്ടവർ മറക്കാൻ കഴിയില്ല. പോരാട്ടഭൂമിയിൽ ഇവർ നൽകുന്ന ഊർജം ചെറുതല്ല. എന്നാൽ സ്വന്തം പക്ഷത്ത് ഇവർ ഒറ്റപ്പെട്ടവരുമാണ്.

ജനങ്ങളെ നേരിടാൻ പോലീസിന്റെ ആയുധശക്തി പ്രയോഗിക്കുന്നതിനെ ന്യായീകരിക്കാൻ ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് അതിന്റെ പിന്നിലെ തീവ്രവാദി ബന്ധങ്ങൾ. ഇതിപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അതിനുള്ള ചില സാഹചര്യങ്ങൾ ചിലരെങ്കിലും ഒരുക്കുന്നുമുണ്ട്. മുത്തങ്ങ, പ്ലാച്ചിമട, മൂലമ്പിള്ളി, ചെങ്ങറ,കരിമണൽ കഹനം,എക്സ്പ്രസ് ഹൈവേ, വിളപ്പിൽശാല, കിനാലൂർ  തുടങ്ങി  ഏറ്റവുമൊടുവിൽ ഐ ഓ സി, ഗെയിൽ  പൈപ്പ് ലെയിൻ  സമരങ്ങളിൽ വരെ ഈ ആരോപണം ഉയർത്തുന്നു.എന്നാൽ ഒന്നര പതിറ്റാണ്ടിലേറെയായായി നടന്നു വരുന്ന ഒട്ടുമിക്ക സമരങ്ങൾക്കെതിരെയും ഇത് പ്രയോഗിക്കുന്ന ഭരണകർത്താക്കൾക്കു  ഒരിക്കലെങ്കിലും ഒരു തീവ്രവാദിയെ കണ്ടെത്താൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല.പെരിയാർ സംരക്ഷണസമരത്തിലെ ഏലൂർ പുരുഷനെതിരെ ഇസ്‌ലാമിക തീവ്രവാദി എന്ന് ഒരിക്കലും മാവോയിസ്റ് എന്ന് പിന്നീടും കഥ മെനഞ്ഞവരാണ് നമ്മുടെ പോലീസുകാർ.കാതിക്കുടത്തെ സമരക്കാർക്കെതിരെയും ഇത്തരം ഇടപെടൽ ഉണ്ടായി. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ പിന്നിലെ തീവ്രവാദബന്ധം തെറ്റി പാഞ്ഞ ചില മാധ്യമപ്രവർത്തകരുമുണ്ട്.

ആടിനെ പട്ടിയും  അതിനെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്നതിനെ ന്യായീകരിക്കാനുള്ള ഇവരുടെ രീതികളെ തുറന്നു കാട്ടാൻ പലപ്പോഴും മാധ്യമങ്ങളും തയ്യാറാകുന്നില്ല എന്നതാകാം സർക്കാർ  ഇതാവർത്തിക്കുന്നതിന്റെ കാരണം..

——————————————————————

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment


femdom-scat.com
femdom-mania.net