Scrollup

 ആലപ്പുഴ, കൊല്ലം തീരപ്രേദേശ ബെൽറ്റിലെ കരിമണൽ ഖനനത്തെ കുറിച്ച് 2014ൽ എഴുതിയ ലേഖനം. ഇന്ന് 4 കൊല്ലം കഴിയുമ്പോൾ ആലപ്പാട് എന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നാം നിസ്സാരമായി കണ്ടതിന്റെ അനന്തരഫലം. കേരളത്തിൽ നിന്ന് ഒരു ഗ്രാമം, പ്രദേശം തന്നെ ഇല്ലാതാവുകയാണ്. നാം ചില സിനിമകളിൽ ഒക്കെ കണ്ടത് പോലെ ഒരു ഗ്രാമം അവിടെ ഉണ്ടായിരുന്നതിന്റെ ശേഷിപ്പുകൾ ചികഞ്ഞെടുത്ത് പഠനം നടത്താനാണോ നമ്മൾ കാത്തിരിയ്ക്കുന്നത്. ഇത് ഒരു തരത്തിൽ പറഞ്ഞാൽ വംശീയഹത്യയാണ് ഒരു പ്രദേശം, ഒരു നാടിന്റെ സംസ്ക്കാരം, അവിടത്തെ ജനതയുടെ ഓർമ്മകൾ, അവരുടെ മേൽവിലാസങ്ങൾ എല്ലാം ഇല്ലായ്മ ചെയ്യപ്പെടുകയാണ്. സർക്കാർ അതിന് മൗനം സമ്മതം നൽകുമ്പോൾ നാം നിശബ്ദരായി നോക്കി നിൽക്കാൻ പാടില്ല. കാരണം ആലപ്പാട് കഴിഞ്ഞാൽ അവർ വരിക നമ്മളിലേക്കാണ്. എല്ലാ ആം ആദ്മി പ്രവർത്തകരും ആലപ്പാട് ജനതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അറിയിക്കുന്നു.

#ആലപ്പാടിനൊപ്പം #SaveAlappad

ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയം എന്നുണ്ടാകും ?

സി ആർ നീലകണ്ഠൻ

വ്യവസായങ്ങൾ വികസനത്തിന്റെ സൂചകങ്ങളായാണ് നാം എന്ന് കരുതുന്നത്. എന്നാൽ വികസനം എന്നതിൽ ജനങ്ങളുടെ കുടിവെള്ളവും ശ്വാസവായുവും വിഷമില്ലാത്ത അന്തരീക്ഷവും ആരോഗ്യവും സ്വസ്ഥതയും പെടുമോ എന്ന മർമ്മപ്രധാനമായ ചോദ്യങ്ങൾ ശക്തമായി ഉയർന്നു വന്നു കഴിഞ്ഞ ഒരു കാലമാണിത്. കേവലപരിസ്ഥിതി വാദികളുടെ കാല്പനികതയിലൂന്നിയ സമരങ്ങളെന്നു ഇനി അവയെ വിളിക്കാനാകില്ല. കാരണം ഇപ്പോൾ സമരമുഖത്തുള്ളത് പരിസ്ഥിതി പ്രവർത്തകരോ പൊതു പ്രവർത്തകരോ അല്ല മറിച്ചു് സാധാരണമനുഷ്യരാണു. അവർ സമരരംഗത്തുള്ളത് സ്വന്തം ജീവിതവും ആരോഗ്യവും ജീവനോപാധികളും സംരക്ഷിക്കാനാണ്. മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ മിക്കപ്പോഴും നയപരമായി പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വാചാലരാകുന്ന ഒരു കാലം കൂടിയാണിത്. പക്ഷെ തങ്ങളുടെ അധികാരപരിധിയിൽ വരുന്ന പ്രശ്നങ്ങളിൽ പാരിസ്ഥിതിക വീക്ഷണം വച്ച് പുലർത്താറില്ല എന്നതാണ് അനുഭവം.

കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുള്ള ആലപ്പാട്, പന്മന പഞ്ചായത്തുകളിലും തൊട്ടുവടക്കുള്ള ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ , ആറാട്ടുപുഴ പഞ്ചായത്തുകളിലിലും തീരദേശത്തെ മണലിൽ വളരെ കൂടിയ തോതിൽ മോണോസൈറ്റ്, ഇല്മനൈറ്റ് എന്നീ ധാതുക്കൾ ഉള്ളതായി കണ്ടെത്തുകയും കൊല്ലം ജില്ലയിൽ 1932 മുതൽ ഈ മണൽ ഖനനം ചെയ്തു സംസ്കരിച്ചു വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. എഫ് എക്സ് പി മിനറൽസ് എന്ന സ്വകാര്യകമ്പനി കേരളം സർക്കാർ രൂപീകരിച്ചതാണ് ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന കെ എം എംഎൽ എന്ന സ്ഥാപനം. തൊട്ടടുത്തായി കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ ആർ ഇ എന്ന സ്ഥാപനവും ഉണ്ട്. ഈ രണ്ട് കമ്പനികൾക്കുമായി ആ തീരദേശത്തെ മണൽ ഖനനം അനുവദിച്ചിരിക്കുന്നു. നീണ്ടകാലത്തെ ഖനനം മൂലം ആ പ്രദേശത്തിനുണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ പറ്റി കാര്യമായ യാതൊരു വിധ പഠനങ്ങളും ഇത് വരെ നടന്നിട്ടില്ല. സെസ് പോലുള്ള ചില സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള പഠനങ്ങളാകട്ടെ വേണ്ടത്ര ഗഹനമായി വിഷയത്തെ കണ്ടിട്ടുമില്ല.

പുറത്തുള്ള സാധാരണ ജനങ്ങൾ കരുതുന്നത് പോലെ കേവലം തീരത്തുള്ള കുറച്ചു മണൽ വാരി സംസ്കരിക്കുക എന്നതല്ല ഇവരുടെ ഖനനം. മറിച്ചു തീരക്കടലിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് പ്രതിദിനം ആയിരക്കണക്കിന് ടൺ ലോഹമണൽ കുഴിച്ചെടുക്കകയാണ്.ഇങ്ങനെ ഖനനം ചെയ്യുമ്പോൾ തീരത്തിന് എന്ത് സംഭവിക്കുന്നു? തീരം ഇടിയുകയും കടൽ കൂടുതൽ കരയിലേക്ക് കയറുകയും ചെയ്യുന്നു. ആലപ്പാട് പൊന്മാൻ പഞ്ചായത്തിന്റെ തീരം കഴിഞ്ഞ കുറച്ചു കൊല്ലങ്ങൾക്കകം ഏഴു കിലോമീറ്ററോളം കടൽ എടുത്തു പോയിരിക്കുന്നു എന്ന് പറഞ്ഞാൽ ഖനന പ്രത്യാഘാതം ആർക്കും ബോധ്യമാകും. മൂന്നു നാല് പതിറ്റാണ്ട് മുമ്പ് മനുഷ്യര് ജീവിച്ചിരുന്ന മൂന്നു ഗ്രാമങ്ങൾ ഇന്നില്ല. അതിന്റെ സ്മാരകമെന്നോണം ഒരു പഴയ ക്ഷേത്രവും ഒരു പഴയ വിദ്യാലയത്തിന്റെ അവശിഷ്ടങ്ങളും അവിടെ കാണാം. അതിനടുത്ത് ഒരു മനുഷ്യൻ പോലും ജീവിക്കുന്നില്ല. അടുത്തകാലം വരെ അവിടെയുള്ള ഏഴു ച. കി മി. ഭൂമി സർക്കാർ രേഖകളിൽ ഉണ്ടായിരുന്നു. അതിനൊക്കെ ഉടമസ്ഥരും ഉണ്ടായിരുന്നു. കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് മാത്രമാണ് കേരളം നിയമസഭയുടെ തീരുമാനപ്രകാരം ആ ഭൂമി ഇല്ല എന്നും അത് രേഖകളിൽ നിന്നും ഒഴിവാക്കണമെന്നും തീരുമാനിച്ചത്.
ഇവിടെ ജീവിച്ചിരുന്ന മനുഷ്യർ ഗതികേട്ടപ്പോൾ സ്ഥലം കാലിയാക്കി. കടലാക്രമണം തടയാൻ ഭിത്തി കെട്ടുന്ന പതിവ് ഇവിടെയില്ല. അങ്ങനെ കെട്ടിയാൽ ഖനനം സാധ്യമാകില്ല. കേരളതീരത്ത് സുനാമി ആഞ്ഞടിച്ചപ്പോൾ ഏറ്റവുമധികം (നൂറിലേറെ) മനുഷ്യജീവന് നഷ്ടപ്പെട്ടത് ആലപ്പാട് തീരാത്തതായതിന്റെ കാരണം ഈ ഖനനം തന്നെയെന്ന് വ്യക്തം.ദേശീയ ജലപാതയുടെ ഭാഗമായുള്ള വട്ടക്കായൽ ഇതിനു കിഴക്കുവശത്താണ്. കരയുടെ വീതി കുറഞ്ഞതു കുറഞ്ഞു ഇപ്പോള് കായലിൽ വരെ കടൽ എത്തിനിൽക്കുന്നു. ഇനി ദേശീയജലപാത കടലിൽ കൂടിയാകും. കുറച്ചു കാലം കൂടി ഖനനം തുടർന്നാൽ ദേശീയപാതവരെ, കരുനാഗപ്പിള്ളി പട്ടണം വരെ അപകടാവസ്ഥയിലാകും. പക്ഷെ ഇതൊന്നും അധികൃതരെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ വിഷയമല്ല. അവർക്കു ഖനനവും കമ്പനിയും വികസനവുമാണ് പ്രധാനം. ഈ അനുഭവം മുന്നിൽ ഉള്ളതിനാലാണ് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ തീരപ്രദേശത്ത് ഖനനം നടത്താ ൻ ചില കഴുകന്മാർ തീരുമാനിച്ചപ്പോൾ അന്നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അതിനെ എതിർക്കാൻ തയ്യാറായത്. ഒടുവിൽ രാഷ്ട്രീയകക്ഷികൾക്കെല്ലാം പരസ്യമായെങ്കിലും ജനങ്ങൾക്കൊപ്പം നിൽക്കേണ്ടി വന്നു. പക്ഷെ കൊച്ചിയിലെ ഒരു സ്വകാര്യകമ്പനിയുടെ ഏജന്റന്മാരായി മാത്രം പ്രവർത്തിക്കുന്ന പല രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കളും ഈ ഖനനത്തിനായി ആഞ്ഞു പിടിക്കുന്നുണ്ട്. ഖനനത്തെ എതിർക്കുന്നവരെല്ലാം കരിമണൽ കൊള്ളക്കാരാണെന്നും അന്യസംസ്ഥാനലോബികളെ സഹായിക്കുന്നവരാണെന്നും ഈ തൽപരകക്ഷികൾ വ്യാപകമായി പ്രചാരണം നടത്തുന്നു. അതിനായി എത്ര പണം മുടക്കാനും ആ മുതലാളി തയ്യാർ. കാരണം ഈ അനുമതി കിട്ടിയാൽ ഒരു സ്വർണ്ണഖനി തന്നെയാണവർക്കു കിട്ടുന്നത്. പക്ഷെ ഇങ്ങനെ അനുമതി നൽകിയാൽ എന്താണ് സംഭവിക്കുക എന്ന് ജനങ്ങൾക്കറിയാം. ആറാട്ടുപുഴ പഞ്ചായത്തിന് കിഴക്കു കായംകുളം കായൽ എന്ന അപ്പർ കുട്ടനാടാണ്. സമുദ്രനിരപ്പിനു താഴെയുള്ള കായൽ നിലമാണത്ത്. അതിനെ കടലിൽ നിന്നും വേർപെടുത്തി നിർത്തുന്ന കരക്ക്‌ പലയിടത്തും നൂറു മീറ്റർ പോലും വീതിയില്ല. എ തീരത്ത് ഖനനം നടന്നാൽ ഒരുപക്ഷെ ആഴ്ചകൾക്കകം തന്നെ അറബിക്കടൽ കായലിൽ ചെന്ന് ചേരും. ഫലമോ? ഒരു ലക്ഷത്തോളം മനുഷ്യർ ചവിട്ടി നിൽക്കുന്ന സ്വന്തം മണ്ണ് കടലിനടിയിലാകും. ആലപ്പാടുണ്ടായത് ഇവിടെയും ആവർത്തിക്കും.ഇവിടെയും സുനാമി ആഞ്ഞടിച്ചു എഴുപതോളം മനുഷ്യജീവന് നഷ്ടമായതാണ്.

ചവറ തീരത്തു സ്വകര്യ മേഖലയ്ക്കു ധാതു മണൽ ഖനനത്തിന് അനുമതി നല്കാൻ എന്നും നീക്കം നടന്നിരുന്നു. ഇത് വലിയ തോതിൽ ജന ശ്രദ്ധയിൽ വന്നിരുന്നില്ല.2002 ൽ യു.ഡി എഫ് സർക്കാർ കൊണ്ട് വന്ന ധാതു മണൽ ഖനന നയത്തിന് തന്നെ എതിരായിട്ടാണ് ഈ നീക്കം നടന്നത്.22.10 .2002 ൽ ഇറങ്ങിയ ആ നയ ഉത്തരവിന്റെ 5(7) ഖണ്ഡിക ഇപ്രകാരമാണ് .”The eight blocks in chavara barrier beach area , at present earmarked for Kerala Minerals and Metals Ltd and Indian Rare Earths Ltd will not be leased out to any other applicants”. ഖണ്ഡിക 5(8) ഇതാണ്.”fresh mining leases for new applicants for mining mineral sands will be issued for the area from kayamkulam pozhi to northward upto Alappuzha only”. ചവറ തീരം 8 ബ്ലോക്കുകളായി തിരിച്ചു പൊതു മേഖലയ്ക്കായി നീക്കി വെച്ചിരിക്കുന്നു എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽചവറ തീരത്ത് കരുനാഗപ്പള്ളി താലുക്കിൽ ആലപ്പാട് വില്ലജിലെ ബ്ലോക്ക് 1 ൽ പെട്ട 49.0390 ഹെക്റ്റർ സ്ഥലത്ത കൊച്ചിയിലെ സ്ഥാപനത്തിന് ഖനനാനുമതി നല്കണം എന്ന് കാണിച്ചു യു. ഡി. എഫ് സര്ക്കാര് കാലാവധി പൂര്ത്തിയാക്കുന്നതിന് തൊട്ടു മുൻപ് 2001 ജനുവരി 4 നു കേന്ദ്ര സര്ക്കാരിന് കത്തയച്ചു.വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ആണ് കേന്ദ്ര ഖനി വകുപ്പിന് കത്തയച്ചത് .12320/ A3/05/ ind. dept. dt.4.1.2006 ആണ് കത്തിന്റെ നമ്പർ .ധാതു മണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നതിൽ ഏതറ്റം വരെയും പൊകുമെന്നതിനു ഇതിൽ പരം തെളിവ് വേണോ.

ധാതു മണലിൽ വ്യവസായ പ്രധാനമായ ഇൽമനയിറ്റു മാത്രമല്ല ,ആണവ മൂലകമായ മോണോസയിറ്റും മറ്റും കൂടി ഉണ്ട് .അതിനാൽ 1962ലെ Atomic Energy Act ന്റെ അടിസ്ഥാനത്തിൽ ധാതു മണൽ ഖനനം പൊതുമേഖലയ്ക്ക് മാത്രമായി പരിമിതപ്പെടുത്തി .1990 കളിൽ നടപ്പിൽ വന്ന പുത്തൻ രാഷ്ട്രീയ -സാമ്പത്തിക നയങ്ങ ളോടെയാണ് ഇതിനു മാറ്റം വന്നത്.ഈ മേഖലയിൽ തെരഞ്ഞെടുത്ത മേഖലകളിൽ സ്വകാര്യപങ്കാളിത്തം (selective private participation) കൊണ്ട് വരുന്നതിന് കേന്ദ്ര സര്ക്കാര് തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശ പങ്കാളിത്തമുള്ള westrelian sands India Ltd ന് കൊല്ലം തീരത്ത് ഖനനം അനുവദിക്കാൻ 16.11.1995ൽ സംസ്ഥാന സര്ക്കാര് തീരുമാനിച്ചത് .പ്രക്ഷോഭം മൂലം ഈ തീരുമാനം പിൻവലിക്കേണ്ടി വന്നെങ്കിലും 1996 ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി westrelian sands India Ltd ന് ഖനനം അനുവദിച്ചു കാബിനെറ്റ്‌ തീരുമാനമെടുത്തു.1996 മാർച്ച്‌ 29നാണ് ഈ തീരുമാനം സര്ക്കാര് ഉത്തരവായി പുറത്തിറങ്ങിയത് .തുടർന്ന് അധികാരത്തിൽ വന്ന എല്.ഡി . എഫ് സര്ക്കാര് ഈ നയം തള്ളിക്കളഞ്ഞു.
എന്നാൽ 1998ഇല കേന്ദ്ര സർക്കാർ policy on exploitation of beach sand minerals എന്നാ പേരില് ഒരു നയം കൊണ്ട് വന്നു.ധാതു മണൽ മേഖലയില 74 % വരെയും പ്രത്യേക അനുമതിയോടെ അതിലധികവും വിദേശ മൂലധനം അടക്കം സ്വകാര്യ മേഖലയ്ക്കു അനുവാദം നല്കുന്ന നയമാണ് കേന്ദ്ര സര്ക്കാര് കൊണ്ട് വന്നത് .ഇടതു മുന്നണി സർക്കാർ ഈ നയം പിന്തുടർന്നില്ലെങ്കിലും 2001 ഇല അധികാരത്തിൽ വന്ന യു,ഡി.എഫ് സര്ക്കാര് ഇതിനു അനുസൃതമായി 2002ൽ പുതിയൊരു നയം കൊണ്ട് വന്നു. ഇതാണ് ആലപ്പുഴ തീരത്ത് സ്വകാര്യ കരിമണൽ നീക്കത്തിന് വഴിയൊരുക്കിയത് .കേന്ദ്ര സര്ക്കാരിന്റെ രാഷ്ട്രീയ – സാമ്പത്തിക നയങ്ങളും , അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾ എടുക്കുന്ന നടപടികളും ആണ് വില പിടിച്ച ഈ വിഭവം തോന്നിയവിലയ്ക്ക് തൂക്കി വിൽക്കാൻ ഇടയാക്കുന്നത് എന്ന് വ്യക്തം. ഇത് മിക്കപ്പോഴും ഇടതു വലതു മുന്നണി തർക്കങ്ങളായി ചർച്ചയാകുമ്പോഴും ഇതിലൂടെ മറച്ചു പിടിക്കപ്പെടുന്ന ഒരു സത്യമുണ്ട്. പൊതുമേഖലയായാലും സ്വകാര്യമേഖലയായാലും ഈ ഖനനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ഒന്ന് തന്നെയാണ്.അന്നാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിൽ ഒരു വ്യത്യാസവുമില്ല.

കരിമണൽ കേരളത്തിൽ നിന്നും കളവു പോകുന്നു എന്ന് പറയുന്നതിൽ വാസ്തവമുണ്ടാകാം. അങ്ങനെ പോകുന്നു എങ്കിൽ അത് സർക്കാരിന്റെ രണ്ട് കമ്പനി കളിൽ നിന്നാണ് എന്ന് സംശയിക്കേണ്ടി വരും. കരിമണൽ ഖനനം ചെയ്തെടുത്ത് അതിൽ നിന്നുംഇൽമനൈറ്റ് വേര്തിരിച്ചെടുക്കുന്നു ഖനനത്തിൽ ഒമ്പതു ശതമാനം മാത്രമാണ് ഇല്മനൈറ്റും റൂട്ടൈ ലുമായി ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്. ബാക്കി വരുന്ന 91 ശതമാനം മണലും തിരിച്ചു ഖനനസ്ഥലത്ത് തന്നെ ഇടണമെന്നാണ് 1957 ലെ കേന്ദ്ര ഖനനനിയമം പറയുന്നത്. ഇതിൽ ചെറുതല്ലാത്ത ഒരു പങ്കു മോണോസൈറ്റ് എന്ന രാസവസ്തു ആണ്. അതിൽ തോറിയം എന്ന മൂലകമുണ്ട്. അതിന്റെ നല്ലൊരു ഭാഗം റേഡിയോ ആക്റ്റീവ് സ്വഭാവമുള്ളതാണ്. ഇങ്ങനെ തിരിച്ചിടുമ്പോൾ ഈ റേഡിയോആക്റ്റിവ് പദാർത്ഥം പുറത്തുവിടുന്ന വികിരണങ്ങൾ പ്രദേശവാസികളിൽ വിവിധ രോഗങ്ങൾ ഉണ്ടാകുന്നതിനു വഴിവെക്കുന്നു. ഈ ഇളകിയ മണൽ ഉറച്ചതല്ലാത്തതിനാൽ തീരം ദുര്ബലമാകുകയും കടലാക്രമണഭീഷണി ഉയരുകയും ഫലത്തിൽ കടൽ കടന്നു കയറുകയും ചെയ്യുന്നു. എന്നാൽ നിയമങ്ങൾ ലംഘിച്ചു കൊണ്ട് ഈ മണൽ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പുറത്തേക്കു കയറ്റി വിടുന്നു എന്നും അത് പലയിടത്തും ഗൃഹനിർമ്മാണത്തിനു പോലും ഉപയോഗിക്കുന്നു എന്നും പലരും പറയുന്നത് തള്ളിക്കളയാൻ കഴിയില്ല. ഉപയോഗം കഴിഞ്ഞ മണൽ കമ്പനിക്കു പ്രത്ത് പോകുന്നു എന്ന് മാത്രമേ അധികൃതർ പറയൂ. ഇതിനുമപ്പുറം ആലപ്പാട് , പന്മന പഞ്ചായത്തിലെ കടലിലും കായലിലും ഉണ്ടായിരുന്ന പല ചെറു ദ്വീപുകളും ഇന്ന് കടലെടുത്തു പോയത് അനധികൃതമായ ഖനനത്തിന് ഫലമായാണെന്നു കാണാം. ഇതൊക്കെ തടയാൻ ഉത്തരവാദപ്പെട്ട പോലീസിനോ സർക്കാരിനോ അല്ല, ആലപ്പുഴയിലെ കരിമണൽ ഖനനം പാടില്ലെന്ന് വാദിക്കുന്ന പരിസ്ഥിതി പ്രവർത്തകർക്കാണ് ഈ കൊള്ളയുടെ ഉത്തരവാദിത്തം എന്ന് പറയുന്ന യൂണിയൻ നേതാക്കളെ പറ്റി എന്ത് പറയാൻ?
മഹാ വികസനമെന്ന അവകാപ്പെടുന്ന കെ എം എം എൽ എന്ന വ്യവസായസ്ഥാപനത്തെ പറ്റി തന്നെ പറയാം. മൂല്യവര്ധനവ് വഴി വില വലിയ തോതിൽ ഉയരുന്ന ഒന്നാണ് ധാതുമണൽ. ഇല്മനൈറ്റിൽ നിന്നും ടൈറ്റാനിയും ഡൈ ഓക്സയിഡ് ആകുമ്പോൾ തന്നെ വില പത്തും അതിലധികവും മടങ്ങാകും . അത് സ്പോഞ്ചും പെയിന്റും അന്തിമമായി ടൈറ്റാനിയും എന്ന ലോഹവുമായി മാറുമ്പോൾ വില വർദ്ധനവ് നൂറും ആയിരവും മടങ്ങാണ്. പക്ഷെ അവിടെ നിന്നും റൂട്ടയിൽ വലിയ തോതിൽ നൽകുന്നത് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിനാണ്.അതിൽ നിന്നും സാധ്യമാകുന്ന വൻ മൂല്യവര്ധനവാണ്‌ ആരെയും വിലക്ക് വാങ്ങാൻ കഴിയും വിധം അവരെ സമ്പന്നരാക്കുന്നതു. ഇത്തരം ധാതുക്കളുടെ പരമാവധി മൂല്യവര്ധനവ് നമ്മുടെ നാട്ടിൽ വച്ച് തന്നെ നടന്നാൽ അതിന്റെ നേട്ടം നമുക്കാണ്. പക്ഷെ ഈ സ്വകാര്യസ്ഥാപനം ഒരു ഘട്ടം സംസ്കരിച്ചു പുറത്തേക്കു വിടുകയാണ്.
ഒരു സർക്കാർ സ്ഥാപനം എന്ന രീതിയിൽ 1984 മുതൽ സർക്കാരിന്റെയും ജനങ്ങളുടെയും ഒട്ടനവധി ഔദാര്യങ്ങൾ കിട്ടുന്നത് കൊണ്ട് മാത്രം നിലനിൽക്കുന്ന ഒരു കമ്പനിയാണിത്. പ്രകൃതിയിൽ നിന്നും തീർത്തും സൗജന്യമായും എളുപ്പത്തിലും കിട്ടുന്ന അസംസ്കൃതവസ്തുവാണ് ഈ സ്ഥാപനത്തിന്റെ ലാഭാരഹസ്യം. എന്നാൽ അങ്ങനെ ഖനനം ചെയ്യുമ്പോൾ പരിസ്ഥിതിക്കും തീരത്തിനും ഉണ്ടാകുന്ന വിനാശത്തിനു എന്തെങ്കിലും പരിഹാരം കാണാൻ അവർ ശ്രമിക്കുന്നില്ല. വ്യവസായം പ്രവർത്തിക്കുമ്പോൾ ഉണ്ടാക്കുന്ന മലിനീകരണം അതി ഭീകരമാണ്.അതിനൊരു പരിഹാരവും ഉണ്ടാക്കാൻ അവർ ശ്രമിക്കില്ല. കമ്പനി ലാഭത്തിലാണെന്ന ഒറ്റക്കാരണത്താൽ തന്നെ മാറി മാറി വരുന്ന സർക്കാരുകൾക്ക് ഈ സ്ഥാപനത്തോട് കടുത്ത അനുഭവമാണ്. ഖജനാവിലേക്ക് പണം കിട്ടുന്നു. മുടങ്ങാതെ പണം കിട്ടുന്ന ഒരു പൊതുമേഖലയെ സംരക്ഷിക്കാൻ എല്ലാവര്ക്കും താല്പര്യമാണല്ലോ. അവിടെ തൊഴിലെടുക്കുന്നവർക്കും ഇതിനെ സംരക്ഷിക്കാൻ താല്പര്യമുണ്ടാകുന്നതിൽ തെറ്റില്ല. ശക്തമായ യൂണിയനുകൾ ഇവിടെയുണ്ട്. അതിന്റെ നേതാക്കാളായ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഇത് കറവപ്പശുവാണ്‌. അനന്തമായ അഴിമതി സാധ്യതകൾ ഇതിലുണ്ട്. ലാഭമുണ്ടാക്കുന്ന സ്ഥാപനം എന്ന മറവിൽ ആ അഴിമതികൾ തമസ്കരിക്കപ്പെടുന്നു. ഒട്ടനവധി അഴിമതി ആരോപണങ്ങൾ ഈ സ്ഥാപനത്തിനെതിരായി ഉയർന്നു വന്നിട്ടുണ്ട്. നിരവധി വിജിലൻസ് കേസുകളും ഉണ്ട്. സി ബി ഐ വരെ ചില കേസുകൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ എല്ലാ മുഖ്യധാരാ കക്ഷികളുടെയും പിൻബലത്തോടെ അതിനെല്ലാം ഒരു തീരുമാനവുമാകാതെ നീളുന്നു. കുറ്റവാളികൾ രക്ഷപ്പെടുന്നു. ഈ സ്ഥാപനം അടച്ചു പൂട്ടിയാൽ അതിന്റെ ഒന്നാമത്തെ ഗുണഭോക്താവ് മുമ്പ് പറഞ്ഞ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണെന്നതിനാൽ അതിനെതിരായി സംസാരിക്കാൻ ഈ ലേഖകൻ അടക്കമുള്ള പരിസ്ഥിതി സംരക്ഷണ താല്പര്യമുള്ളവർക്കും ഭയമാണ്. ഈ അവസ്ഥ വളരെ നന്നായി മുതലെടുത്ത് കൊണ്ട് സമീപവാസികളായ അയ്യായിരത്തിലധികം വരുന്ന ജനങ്ങളെ വിഷത്തിൽ മുങ്ങി ജീവിക്കാൻ വിടുകയാണ് സ്ഥാപനം എന്നതാണ് സത്യം.
പന്മന ഗ്രാമപഞ്ചായത്തിലെ പന്മന, ചിറ്റൂർ , പൊന്മന, മെക്കോത്തു തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് മാത്രമല്ല ഒരു സസ്യജീവജാലങ്ങൾക്കും നിലനിൽക്കാൻ കഴിയാത്ത വിധം മലിനീകരിക്കപ്പെട്ടിരിക്കുന്നു. മലിനമാകാത്ത ഒറ്റ കിണർ പോലും ആ ഗ്രാമത്തിലില്ല.രോഗികളല്ലാത്തവർ വളരെ ചുരുക്കം. മൂന്നു പതിറ്റാണ്ടോളമായി അവിടമാകെ വിഷം പടർന്നതിന്റെ ഫലമായി ശേഷിയുള്ളവരെല്ലാം ആ ഗ്രാമം വിട്ടു പോയിക്കഴിഞ്ഞു.പുറത്തുപോയി രക്ഷപ്പെടാൻ കഴിയാത്തവർ നരകതുല്യമായ ജീവിതം നയിക്കുന്നു.ജനങ്ങളുടെ കണ്ണീരും പ്രതിഷേധവും അധികൃതർ അവഗണിക്കുന്നു. അതെ കമ്പനിക്കു പരിസ്ഥിതി സംരക്ഷണത്തിനുള്ള സമ്മാനങ്ങൾ നൽകുന്ന ഭരണകർത്താക്കൾ ഒരു പ്രാവശ്യമെങ്കിലും തങ്ങളുടെ മണ്ണിൽ ഒന്ന് വന്നെങ്കിൽ എന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷെ ഭരണകർത്താക്കളുടെ മുൻഗണനകൾ വ്യത്യസ്തമാണ്.നാല് വര്ഷം മുമ്പ് ദേശീയ ഹരിത ട്രിബ്യുണൽ ഇത് സംബന്ധിച്ച കേസ് എടുത്തപ്പോൾ മാത്രമാണ് പൊതു സമൂഹം ഇതിലേക്ക് ശ്രദ്ധ തിരിച്ചത്. ഹൈക്കോടതിയിൽ വന്ന പൊതു താല്പര്യ ഹർജി കോടതി തന്നെ ട്രിബ്യുണലിനു വിടുകയായിരുന്നു. ആ കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും അണുശക്തി വകുപ്പിനെയും കക്ഷികളാക്കിയത് ട്രിബ്യുണൽ സ്വമേധയാ ആണ്.
കൃഷിക്ക് വേണ്ടി നിർമിച്ച പന്മന- ചിറ്റൂർ തോട്ടിലൂടെ മൂന്നര പതിറ്റാണ്ടായി ഒഴുകുന്നത് അമ്ലം കലർന്ന മലിനജലമാണ്. കമ്പനി വരുന്നതിനു മുമ്പെയുള്ള ജലസേചനത്തോട് കമ്പനിക്കു പുറത്ത് കൂടി പോകണം എന്ന നാട്ടുകാരുടെ ആവശ്യം തള്ളി അകത്തുകൂടി ആക്കിയത് തന്നെ അതിലൂടെ മലിന ജലം ഒഴുക്കാനാണ്. ഇത് ജലനിയമത്തിനെതിരാണ്. ശുദ്ധജലസ്രോതസ്സായ വട്ടക്കായലിലാണ് ഈ തോട് ചെന്ന് ചേരുന്നത്. പോകുന്ന വഴിയിലും കായലിലുമുള്ള മൽസ്യ സമ്പത്ത് പൂർണമായും നശിച്ചിരിക്കുന്നു.ആ പ്രദേശത്തെ ജലം ടോയ്‌ലെറ്റിലോ മൃഗങ്ങളെ കുളിപ്പിക്കാനോ പോലും ഉപയോഗിക്കരുതെന്നു ആരോഗ്യവകുപ്പ് തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾക്കെല്ലാം സമൃദ്ധമായി കുടിവെള്ളം നൽകുമെന്ന ഉറപ്പു ഭരണകർത്താക്കൾ പലവട്ടംനൽകിയതാണ് . പക്ഷെ അതിനു യാതൊരു ഉറപ്പുമില്ല. ഫാക്ടറിയുടെ ചുറ്റുമുള്ള അഞ്ചു കിലോമീറ്റർ പ്രദേശം ഇന്ന് മനുഷ്യവാസയോഗ്യമല്ലാതായിരിക്കുന്നു എന്നതാണ് സത്യം. ജീവിതം ദുസ്സഹമായി ജനങ്ങൾ സമരം ചെയ്തപ്പോൾ കുറച്ചു പേരുടെ ഭൂമി ഫാക്ടറി തന്നെ ഏറ്റെടുത്ത്. ഇനിയും ഒട്ടനവധി കുടുംബങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചു പോരാടുന്നു. മുഖ്യധാരാ കക്ഷികളെല്ലാം ഈ വികസനത്തിനൊപ്പമാണെന്നതിനാൽ ജനങ്ങളുടെ ശബ്ദത്തിനൊപ്പം അവരാറുമില്ല. പൊതു വിഭവങ്ങൾ കൊള്ളയടിച്ചും പരിസ്ഥിതിക്കും മനുഷ്യർക്കും വലിയ നാശം സൃഷ്ടിച്ചും ഇവിടെ ഉണ്ടാകുന്ന ലാഭത്തിന്റെ പങ്കു പറ്റുന്നവരായി രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ സംവിധാനവും മാറിയിരിക്കുന്നു. അഴിമതിയായും ഉയർന്ന ശമ്പളവും ബോണസും മറ്റു ആനുകൂല്യങ്ങളുമായും ഇങ്ങനെ പങ്കു പറ്റുന്നവർ അറിയുന്നുവോ തങ്ങളുടെ ലാഭം എന്നത് തീരദേശത്തും ഈ കമ്പനി പരിസരത്തും ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ വിലയാണ് ഇവരുടെ ലാഭമെന്ന്? അത്തരത്തിൽ ചിന്തിക്കുന്ന ഒരു രാഷ്ട്രീയം നമുക്കെന്നുണ്ടാകും?
ഈ വിഷയത്തിൽ വരുന്ന വ്യത്യസ്ത താല്പര്യങ്ങളെ താഴെ പറയും വിധത്തിൽ ചുരുക്കാം.
ഒന്ന്. ഐ ആർ ഇ , കെ എം എം എൽ എന്നിനി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജീവനോപാധികൾ സംരക്ഷിക്കപ്പെടണം.
രണ്ട്. ആണവനിലയങ്ങൾക്കും ടൈറ്റാനിയും തുടങ്ങിയ വ്യവസായങ്ങൾക്കും ആവശ്യമായ ധാതുക്കൾ ലഭ്യമാക്കണം.
മൂന്നു. ഖനനം മൂലം തീരദേശത്തിണ്ടാകുന്ന നാശം എങ്ങനെ നിയന്ത്രിക്കാം
നാല്. കമ്പനി സൃഷ്ടിക്കുന്ന മലിനീകരണം മൂലം ദുരിതമനുഭവിക്കുന്നവരെ എങ്ങനെ സംരക്ഷിക്കാം. അവർക്കെങ്ങനെ മനുഷ്യജീവിതം സാധ്യമാക്കാം.
അഞ്ച്. ഖനനരംഗത്തും സംസ്കരണരംഗത്തും നിലനിൽക്കുന്ന വൻ അഴിമതിയും കൊള്ളയും എങ്ങനെ തടയാം?
ആറു. ഈ കരിമണൽ കൊള്ളക്കും ആലപ്പുഴ തീരത്തെ ഖനനത്തിനും വേണ്ടി കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നവരെ എങ്ങനെ പ്രതിരോധിക്കാം?
ഇനിയും പലതും ഉണ്ട് എങ്കിലും ഇവയാണ് ഇന്ന് ഏറെ പ്രധാനമെന്ന് കരുതുന്നു. ഇവയൊക്കെ പരിഗണിക്കാൻ കഴിയുന്ന ഒരു ഭരണകൂടം നമുക്കെന്നുണ്ടാകും എന്ന ചോദ്യത്തിൽ നമുക്ക് നിർത്താം .
————————

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment


femdom-scat.com
femdom-mania.net