Scrollup

സി ആർ നീലകണ്ഠൻ

Follow CR in Twitter

Follow CR’s FB Page


അറുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരി എഴുതിയ വരികൾ ഇന്നും എന്നും പ്രസക്തമാകുന്നു.

എവിടെവിടങ്ങളിൽ ചട്ടി കലങ്ങൾ പുറത്തെറിയപ്പെടുന്നുവോ അവിടവിടങ്ങളെ ചേർത്ത് വരക്കുന്നതാണ് എന്റെ രാജ്യത്തിന്റെ ഭൂപടം

ഇപ്പോഴിതാ ലോകത്തിന്റെ പലഭാഗത്തും നിസ്സഹായരായ മനുഷ്യർ തങ്ങളുടെ സ്വന്തം മണ്ണിൽ വിദേശികളാക്കപ്പെടുന്നു, പുറത്തേറിയപ്പെടുന്നു. ആ ദരിദ്രർക്ക് ഏതു രാജ്യം? എന്ത് ദേശീയത ? അവരെ പുറത്തെറിയുന്നവർ പറയുന്നതും ദേശീയതയാണ്. മ്യാൻമാറിൽ നീന്നും റോഹിൻഗ്യൻ മുസ്‌ലിമുകൾ കൂട്ടത്തോടെ പുറത്താക്കപ്പെടുന്നു. അതിനെ പ്രതിരോധിക്കുന്നവര്‍ കൊല ചെയ്യപ്പെടുന്നു, ഒരു വംശഗാഹത്യയുടെ ആവേശത്തിൽ. അവരെ വിദേശികളായിക്കാണുന്നതു സ്വാതന്ത്രത്തിനു വേണ്ടി ദീർഘകാലം സൈനികഭരണത്തോട് പോരാടി സമാധാനത്തിനു നോബൽ സമ്മാനം നേടിയ വനിതയാണ്. എന്നിട്ടും ഇതാണ് എങ്കില്‍ എവിടെ മാനുഷിക നീതി പ്രതീക്ഷിക്കാം?

മ്യാൻമാറിന് സമാനമായ ഒരു സാഹചര്യം ആസാമിൽ മുമ്പേ തന്നെ നിലവിലുണ്ട്. 1970 കളുടെ ആദ്യത്തിൽ നടന്ന ബംഗ്ളാദേശ് വിമോചനയുദ്ധത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കടന്നു.

അതിൽ നല്ലൊരു ഭാഗം ആസാമിലേക്കാണ് വന്നത്. മറ്റൊരു ഭാഗം ബംഗാളിലേക്കും എത്തി. ബംഗാളിലേക്ക് വന്നവർക്കു ഒരു മെച്ചമുണ്ടായിരുന്നു, അവർ സംസാരിക്കുന്ന ഭാഷ ബംഗാളികളുടെ ഭാഷ തന്നെയാണല്ലോ. എന്നാൽ ആസാമിൽ എത്തിയവർ തീർത്തും വിദേശികൾ ആയി തന്നെ പരിഗണിക്കപ്പെട്ടു. എട്ടു വർഷങ്ങൾക്കകം ഇവർക്കെതിരായ പ്രാദേശിക വികാരം ഉയർന്നു വന്നു.

1983 ൽ നടന്ന നെല്ലി കൂട്ടക്കൊലയിൽ നഷ്ടപ്പെട്ടത് 3000ൽ പരം മുസ്ലിമുകളുടെ ജീവനാണ്. അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ അന്നത്തെ വോട്ടർ പട്ടികയിൽ ധാരാളമായുണ്ട് എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് അഖില ആസാം വിദ്യാർത്ഥി യൂണിയൻ (ആസു ) ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു അത്.

അന്നത്തെ കേന്ദ്ര സർക്കാർ കലാപകാരികളുമായി നടത്തിയ ചർച്ചയിലൂടെ 1985ൽ ഒരു ഒത്തുതീർപ്പുകാരാർ ഉണ്ടാക്കി.പക്ഷെ അവിടെ നിലനിന്ന വംശീയ വർഗീയ വിദ്വേഷത്തിന്റെ തീ അണഞ്ഞില്ല. ആ വൈരം ബോഡോ ആദിവാസികളും ബംഗാളി മുസ്ലിമുകളും തമ്മിലുള്ള രൂക്ഷമായ സംഘട്ടനത്തിലെത്തിയത് 2012 ലാണ്. അതിന്റെ ഫലമായി നാല്പ്പത്തിനായിരത്തിലധികം പേര് സ്വന്തം വീട്ടിൽ നിന്നും പുറത്തേറിയപ്പെട്ടു. ബംഗ്ളാദേശ് യുദ്ധം കഴിഞ്ഞു അരനൂറ്റാണ്ട് പിന്നിടുമ്പോഴും ഈ വിദ്വേഷത്തിന്റെ രാഷ്ട്രീയം ആളിക്കത്തുന്നു , അഥവാ കത്തിക്കുന്നു. ഈ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട് എന്നത് ശരി. എന്നാൽ ഇതിൽ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരും ഉണ്ട്. അതിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൌരന്മാരുടെ ദേശിയ രജിസ്റ്റര്‍ അഥവാ (എന്‍ ആര്‍ സി). അസ്സമിലെ യഥാര്‍ത്ഥ പൌരന്മാരുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ലക്‌ഷ്യം.

നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുക എന്നത് ഏതു രാജ്യത്തിന്റെയും സുരക്ഷക്കും വളര്‍ച്ചക്കും അനിവാര്യമാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അതിന്റെ പേരില്‍ അല്പം അക്രമങ്ങളോ അതിക്രമങ്ങളോ നടന്നാലും ആരും അതിനെ ഗൌരവമായി എടുക്കില്ല. പക്ഷെ ഇത് നടക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോഴാണ് അതിന്റെ തലം ഭയാനകമാകുന്നത്. അതിനു മേല്പറഞ്ഞ ചരിത്രം നമ്മുടെ പാഠമാകണം.

ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളി മുസ്ലിം കുടിയേറ്റം ആസാമികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന വാദം ഉയര്‍ത്തുക വളരെ എളുപ്പമാണ്, കാരണം ആസമികള്‍ അധികവും ദരിദ്രരാണ്. തങ്ങളുടെ ദുരിതങ്ങള്‍ക്കെല്ലാം കാരണക്കാരായ ഒരു വിഭാഗത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവര്‍ക്കെതിരായ രോഷം ആളിക്കത്തിക്കുക എന്നത് എളുപ്പമാണല്ലോ. അവിടെ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ ഒരു ഭരണകൂടമാണുള്ളതെന്നതിനാലാണ് ജനങ്ങള്‍ക്ക്‌ നീതി കിട്ടാത്തതെന്ന സത്യം ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാനും ഇത് സഹായകമാകുന്നു. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയലക്ഷ്യം അതില്‍ ഏറ്റവും പ്രധാനമാണ്.

പൌരത്വം സംബന്ധിച്ച് ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കിയിട്ടുള്ള ഏക സംസ്ഥാനം ആസാമാണ് . 1951 ലാണ് അതുണ്ടാക്കിയത്. അന്ന് എണ്‍പത്തി ഒമ്പത് ലക്ഷം ആയിരുന്നു ആസാമിലെ ജനസംഖ്യ. ആസാം കരാര്‍ പ്രകാരം ആ രജിസ്ടര്‍ പുതുക്കണമായിരുന്നു. അത് പല രാഷ്ട്രീയ കാരണങ്ങളാലും അസ്ഥിരതമൂലവും അക്രമങ്ങള്‍ ഭയന്നും നീട്ടി വക്കപ്പെട്ടു. ആ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ അവരുടെ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആസാമിലെ വര്‍ഗീയവിഭജനം സൃഷ്ടിക്കുന്ന വര്‍ഗീയത്തിരമാലകള്‍ ഇന്ത്യയാകെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് അവരുടെ പ്രതീക്ഷ. ഇത് തന്നെയാണ് കാശ്മീരില്‍ നിന്നും ബി ജെ പി പ്രതീക്ഷിക്കുന്നത്. ദേശസുരക്ഷക്ക് വിദേശികളെ, അതും മുസ്ലിംകളെ പുറത്താക്കുക എന്ന മുദ്രാവാക്യം വഴി രാജ്യമാകെ ഒരു വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായുള്ള ഭരണം ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള വെറുപ്പ്‌ മറികടക്കാന്‍ ഇത്തരം എളുപ്പവഴികള്‍ തേടുകയാണവര്‍. അതുകൊണ്ടാണ് ഈ വിഷയം അമിത്ഷാ തന്നെ കൈകാര്യം ചെയ്യുന്നത്. പാര്‍ലിമെന്റിലും ഇത് ഏറെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാകും എന്നവര്‍ക്കറിയാം.

എന്താണ് ഈ ദേശീയ പൌരത്വ രജിസ്റ്റര്‍ ?

1971 മാർച്ച് ഇരുപത്തിനാല് എന്ന തിയതിക്ക് ശേഷം ബംഗ്ലാദേശില്‍ നിന്നും ആസാമില്‍ എത്തിയവരെയെല്ലാം വിദേശികള്‍ ആയി കണക്കാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇത് പറയുന്നത്ര ലളിതമായ ഒന്നല്ല. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യരാകും ഇതിന്റെ ഇരകളാകുക എന്ന് തീര്‍ച്ച. ഇതിലെ സങ്കീര്‍ണ്ണതകള്‍ ചൂണ്ടിക്കാടി പലരും കോടതിയെ സമീപിച്ചു. ഇതിന്റെ തയ്യാറാക്കല്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ട്. ആദ്യ കരടു പട്ടിക കഴിഞ്ഞ വർഷം ഡിസംബര്‍ മുപ്പത്തൊന്നിനു പ്രസിദ്ധീകരിച്ചു. ആസാമിലെ ജനസംഖ്യ 3.3 കോടിയാണ്. ആദ്യപട്ടികയില്‍ കേവലം 1.9. കോടി മാത്രം. അതായത് 1.4 കോടി മനുഷ്യര്‍ വിദേശികള്‍ ആകുന്നു. ഈ പട്ടികയില്‍ വിട്ടു പോയവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കി പുതിയ പട്ടിക തയ്യാറാക്കി. അതാണ്‌ ഇക്കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയത്. ഇത് വരുന്നതിനു മുമ്പ് തന്നെ ഒട്ടനവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. നല്ലൊരു വിഭാഗം പട്ടികയില്‍നിന്നും പുറത്താക്കപ്പെടും എന്നുറപ്പായിരുന്നു. പരമാവധി ഇരുപതു ലക്ഷമായിരിക്കും അങ്ങനെ ഭീതിയിലാകുക എന്നായിരുന്നു പ്രചരണം. പക്ഷെ പട്ടിക പുറത്തു വന്നപ്പോള്‍ പുറത്താകുന്നവര്‍ നാല്‍പ്പതു ലക്ഷമായി. ഇത് പന്ത്രണ്ടു ശതമാനം കുടുംബങ്ങള്‍ വരും.

ഈ പട്ടിക പരിശോധിക്കുമ്പോള്‍ വിചിത്രമായ കാര്യങ്ങളാണ് കാണുന്നത്. ഭരണകക്ഷിയുടെ ഒരു എം എല്‍ എ ആയ രമാകാന്ത് പാട്ടില്‍ വിദേശി ആണ്. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ പൌത്രന്മാര്‍ പട്ടികയില്‍ ഇല്ല. ഏഴു തലമുറയായി ആസാമില്‍ ജീവിക്കുന്ന ഒരു പ്രൊഫസര്‍ പുറത്തായി. അവരുടെ മാതാപിതാക്കള്‍ സ്വദേശികള്‍ ആണ് താനും.

സ്വദേശി ആണെന്നതിന് പഞ്ചായത്തുകള്‍ നല്‍കിയ രേഖകള്‍ സ്വീകാര്യമല്ല. റേഷന്‍ കാര്‍ഡു പര്യാപ്തമല്ല. ഈ ദുരവസ്ഥക്കുള്ള ഒരു പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണെന്ന് പറയാം. പണവും സ്വാധീനവുമുള്ളവര്‍ ഒരു പ്രശ്നവുമില്ലാതെ പട്ടികയില്‍ വരും. ഇതും കരടു പട്ടികയാണെന്നും ഇനിയും രേഖകള്‍ നല്‍കിയാല്‍ പേര് ചേര്‍ക്കാം എന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. അവിടെയാണ് ദുര്‍ബലരും നിരക്ഷരരും ദരിദ്രരുമായ ബംഗാളി മുസ്ലിംകള്‍ പുറത്തക്കപ്പെടാന്‍ പോകുന്നത്. മുസ്ലിംകള്‍ മാത്രമല്ല മൊത്തം ബംഗാളികളെ തന്നെ പുറത്താകുക എന്ന ലക്‌ഷ്യം ഇതിന്റെ പിന്നില്‍ ഉണ്ടെന്നു പലരും സംശയിക്കുന്നു. ഇതിന്റെ പിന്നില്‍ വ്യക്തമായ വോട്ടു ബാങ്ക് രാഷ്ട്രീയം തന്നെയാണുള്ളത്.

ഈ നയത്തിനെതിരെ അതിശക്തമായി ആഞ്ഞടിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്‌. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയേണ്ടത് ആവശ്യം തന്നെ. പക്ഷെ അത് അതിര്‍ത്തി രക്ഷാസേനയുടെ ചുമതലയാണ്. നാലും അഞ്ചും തലമുറകളായി ഇവിടെ ജീവിക്കുന്നവരെ വിദേശി മുദ്രകുത്തി പുറത്താക്കുന്നത് ശരിയല്ല. ഇന്ത്യയിലെ തന്നെ പൌരത്വനിയമം അനുസരിച്ച് ഇന്ത്യയില്‍ ജനിച്ചവരോ കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൌരത്വമുള്ളവരോ ആണെങ്കില്‍ ആ കുട്ടിക്ക് ഇന്ത്യന്‍ പൌരത്വത്തിന് അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആഭ്യന്തര യുദ്ധങ്ങള്‍ക്ക് വഴി വക്കും എന്ന് മമത മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രസ്താവന മറയാക്കി മമതക്കെതിരെ പോലിസ് കേസ്എടുത്തിരിക്കുകയാണ്. അതിന്റെ ലക്‌ഷ്യം വ്യക്തമാണല്ലോ. പാര്‍ലിമെന്റില്‍ പ്രതിപക്ഷങ്ങള്‍ ആഞ്ഞടിക്കുന്നുണ്ട്.
പൌരത്വം സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടു വരുന്ന ഒരു ഭേദഗതി കൂടി ഇത്തരുണത്തില്‍ പരിഗണിക്കപ്പെടണം. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ന്യുനപക്ഷങ്ങളായവര്‍ അഭയം തേടി ഇവിടേക്ക് വന്നാല്‍ അവര്‍ക്ക് പൌരത്വം നല്‍കണം എന്നതാണ് ഈ നിയമത്തിന്റെ കാതല്‍. ഇവിടെ പ്രധാനമായും ലക്ഷ്യം വക്കുന്നത് ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ ജൈന ക്രിസ്ത്യന്‍ മതങ്ങളില്‍ പെട്ടവരെയാണ്.മറ്റൊരു അയല്‍ രാജ്യമായ മ്യാന്മാറില്‍ നിന്നും പീഡനം സഹിക്കാതെ എത്തുന്ന മുസ്ലിം ജനതയ്ക്ക് ഈ ഭേദഗതി ബാധകമല്ല. അപ്പോള്‍ ലക്ഷ്യം വ്യക്തം.

ഇപ്പോള്‍ സുപ്രീം കോടതി അതിശക്തമായി ഇടപെട്ടിരിക്കുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ആരെയും പുറത്താക്കില്ലെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ മുന്നോട്ടു പോകു എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരെയും വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും ഈ പട്ടികയുമായി അതിനൊരു ബന്ധവുമില്ലന്നു തെരഞ്ഞെടുപ്പു കമ്മീഷനും കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. നീതിപൂര്‍വ്വകമായ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഗസ്റ്റ്‌ പതിനാറിന് എല്ലാ വിശദാംശങ്ങളും സര്‍ക്കാര്‍ കോടതിക്ക് നല്‍കുന്നതാണ്.

പക്ഷെ ഇതൊന്നും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്‌ ആശ്വാസമാകുന്നില്ല എന്നതാണ് സത്യം. കയ്യൂക്കിന്റെ രാഷ്ട്രീയം കയ്യാളുന്ന ഒരു വിഭാഗം എന്തും ചെയ്യാന്‍ തയ്യാറായി ആസാമില്‍ ഉണ്ട്. നെല്ലി കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ ഇപ്പോഴും അവര്‍ക്കുണ്ട്. സംസ്ഥാനം ഭരിക്കുന്നത്‌ ബിജെപി സര്‍ക്കാരാണ്.ഗുജറാത്‌ മാതൃകയില്‍ വംശഹത്യക്ക് പോലും അവര്‍ മടിക്കില്ലെന്ന ഭയമുണ്ട്.

അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ എന്നതിനാല്‍ ആ ബാധ്യതയും സര്‍ക്കാരിനില്ല. ഒരു ആഭ്യന്തര കലാപത്തിലേക്ക് രാജ്യത്തെ നയിക്കുക വഴി സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ടു തലചൊറിയലാണ് എന്ന് ഇവര്‍ മനസ്സിലാക്കുമോ?


സി ആർ നീലകണ്ഠൻ

Follow CR in Twitter

Follow CR’s FB Page

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment


femdom-scat.com
femdom-mania.net